കോഴിക്കോട്- കൂടത്തായി കൊലപാതക കേസില്‍ ആറ് പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മുഖ്യപ്രതി ജോളി. നാലുപേര്‍ക്ക് സയനൈഡ് നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും അന്നമ്മയ്ക്കും സിലിയുടെ കുട്ടിക്കും എന്താണ് നല്‍കിയതെന്ന് ഓര്‍മയില്ലെന്നും ജോളി പറഞ്ഞു.
കൊലപാതകങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സയനൈഡ് ബാക്കിയില്ല എന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു. ചില സമയങ്ങളില്‍ ശരീരത്തില്‍ ചെകുത്താന് പ്രവേശിക്കുമെന്നും അപ്പോള്‍ ചെയ്തു പോകുന്നതാണെന്നും ജോളി പറഞ്ഞു. കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായും ജോളി പോലീസിനോട് വെളിപ്പെടുത്തി.
അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ എസ് പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍. തുടര്‍ന്ന് ജോളിയെ വടകരയിലെ വനിതാ സെല്ലിലേക്ക് മാറ്റി. ജോളിയെയും മറ്റ് പ്രതികളെയും ഇന്ന് പൊന്നാമറ്റം തറവാട്ടിലും മറ്റും തെളിവെടുപ്പിനായി കൊണ്ടുപോകും.
കേസിലെ മുഖ്യ തൊണ്ടിയായ സയനൈഡോ അല്ലെങ്കില്‍ സയനൈഡ് സൂക്ഷിച്ചിരുന്ന പാത്രം കണ്ടെത്തുക പൊലീസിന് കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. കൂടാതെ ജോളിയുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തേണ്ടതും ആവശ്യമാണ്. അതേസമയം സയനൈഡ് കളഞ്ഞുവെന്ന വാദം ഉള്‍പെടെ ജോളി പറയുന്ന കാര്യങ്ങള്‍ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
നാല് കാരണങ്ങളാലാണ് ആദ്യ ഭര്‍ത്താവ് റോയിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറയുന്നു.
റോയിയുടെ മദ്യപാനം, അന്ധവിശ്വാസങ്ങള്‍, പരപുരുഷ ബന്ധം ചോദ്യം ചെയ്തത്, സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം എന്നിവയാണതെന്നാണ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി ഹരിദാസന് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യങ്ങളുള്ളത്. ആറു പേര് മരിക്കുമ്പോഴും ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതായും സ്വത്ത് തട്ടിയെടുക്കുക മുഖ്യ ലക്ഷ്യമായിരുന്നുവെന്നും എന്‍ഐടി അധ്യാപികയെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രവര്‍ത്തനങ്ങളെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.