ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ രാഷ്ട്രീയമില്ല; രണ്ട് പേര്‍ പിടിയില്‍

മുര്‍ഷിദാബാദ്- പശ്ചിമബംഗാളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേയും കുടുംബത്തിന്റേയും കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി മുര്‍ഷിദാബാദ് പോലീസ് അറയിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകനേയും
ഗര്‍ഭിണിയായ ഭാര്യയെയും എട്ടു വയസ്സായ മകനേയും ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മുര്‍ഷിദാബാദ് ജില്ലയിലെ കുനൈഗഞ്ചിലാണ് സംഭവം. അധ്യാപകനായ പ്രകാശ് പാല്‍ (35), ഭാര്യ ബ്യൂട്ടി പാല്‍ (28), മകന്‍ അംഗന്‍ പാല്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് മുര്‍ഷിദാബാദ് എസ്.പി മുകേഷ് കുമാര്‍ പറഞ്ഞു. വായ്പയും കുടിശ്ശികയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രധാനമായും സംശയിക്കുന്നത്. ഇതിനു പുറമെ ദമ്പതികള്‍ തമ്മിലും പ്രശ്‌നങ്ങളുണ്ടായിരുന്നു.
കുനൈഗഞ്ചിലെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ്  മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേരുടെ ശരീരത്തിലും കുത്തേറ്റിരുന്നു. കുട്ടിയെ കൊലപ്പെടുത്താന്‍ ശ്വാസം മുട്ടിക്കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ 11 മണിയോടെ ചന്തയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കു പോകുന്ന പ്രകാശിനെ സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രകാശ് ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെങ്കിലും മരണത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് കരുതുന്നില്ലെന്ന് മുര്‍ഷിദാബാദ് ബി.ജെ.പി ഉപാധ്യക്ഷന്‍ ഹുമയൂണ്‍ കബീര്‍ പറഞ്ഞിരുന്നു.

 

Latest News