Sorry, you need to enable JavaScript to visit this website.

മാതാപിതാക്കളുടെ കലഹത്തിനിടെ തലയ്ക്കടിയേറ്റ അഞ്ചു മാസം പ്രായമായ കുഞ്ഞ് മരിച്ചു

ന്യൂദല്‍ഹി- അച്ഛനും അമ്മയും തമ്മിലുണ്ടായ കലഹത്തിനിടെ അച്ഛന്‍ വീശിയ ഇരുമ്പു വടിയുടെ മുന നെറ്റിയില്‍ തുളച്ചു കയറി അഞ്ചു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ദല്‍ഹിയിലെ കോന്‍ഡ്‌ലിയിലാണ് സംഭവം. 32കാരനായ സത്യജിതും ഭാര്യ 29കാരിയായ ദീപ്തിയും തമ്മില്‍ ഞായറാഴ്ച ഉണ്ടായ അടിപിടിക്കിടെയാണ് കുഞ്ഞിന് പരിക്കേറ്റത്. ഉടന്‍ തൊട്ടടുത്ത ക്ലിനിക്കിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ചൊവ്വാഴ്ചയോടെ കുഞ്ഞിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദീപ്തി ആശുപത്രിയിലെത്തിച്ചതായിരുന്നു. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചതായി പോലീസ് പറഞ്ഞു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണ കാരണമെന്ന് പോസ്റ്റ് റിപോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഗാസിപൂര്‍ പോലീസ് കേസെടുത്തു. പ്രതിയായ അച്ഛന്‍ സത്യജിത് മുങ്ങിയിരിക്കുകയാണ്. 

ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഓപറേഷന്‍ തിയെറ്റര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന സത്യജിത് ഏതാനും മാസങ്ങളായി ജോലിയില്ലാതെ കഴിയുകയായിരുന്നു. കുഞ്ഞിന്റെ അമ്മ ദീപ്തി ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്‌സാണ്. ഇരുവരും തമ്മില്‍ അടിപിടി നടക്കുമ്പോള്‍ കുഞ്ഞ് ദീപ്തിയുടെ മടിത്തട്ടിലായിരുന്നെന്ന് പോലീസ് പറഞ്ഞു. വടിയെടുത്ത് സത്യജിത് ദീപ്തിയെ അടിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തലയില്‍ പരിക്കേറ്റത്. ആഴത്തിലുള്ള മുറിവല്ലാത്തതിനാല്‍ നേരത്തെ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ തിരിച്ചയച്ചതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച അമ്മ ദീപ്തിയാണ് കുഞ്ഞിനെ വീണ്ടും ആശുപത്രിയിലെത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ പോലീസെത്തി മൃതദേഹം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് മുങ്ങിയ അച്ഛന്‍ സത്യജിത്തിനെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പാണ് സത്യജിത്തും ദീപ്തിയും വിവാഹിതരായത്. മരിച്ചത് ഇവരുടെ ഒരേ ഒരു കുഞ്ഞാണ്.
 

Latest News