കയ്‌റോ- സിറിയയില്‍ തുര്‍ക്കി ആരംഭിച്ച ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് ശനിയാഴ്ച അടിയന്തര യോഗം ചേരും. ഈജിപ്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്. വടക്കുകിഴക്കന്‍ സിറിയയില്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ ബുധനാഴ്ചയാണ് തുര്‍ക്കി സൈനിക നടപടി ആരംഭിച്ചത്. ആക്രമണത്തെ
ഈജിപ്ത് വിദേശകാര്യ മന്ത്രാലയം ശക്തിയായി അപലപിച്ചിരുന്നു.
സഹോദര അറബ് രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ നഗ്‌നവും അസ്വീകാര്യവുമായ ആക്രമണമാണിതെന്ന് ഈജിപ്ത് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
തുര്‍ക്കിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ഭീകരവാദികളുടെ ഇടനാഴി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ അവകാശപ്പെടുന്നു. പ്രദേശത്തുനിന്ന് യു.എസ് പിന്മാറി ദിവസങ്ങള്‍ക്കുശേഷമാണ് തുര്‍ക്കി ആക്രമണം ആരംഭിച്ചത്. നിരവധി പേര്‍ കൊല്ലപ്പെട്ട ആക്രമണം നിര്‍ത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തുര്‍ക്കിയോട് ആവശ്യപ്പെട്ടു.
തുര്‍ക്കി നടത്തുന്ന ആക്രമണത്തെക്കുറിച്ച് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ടെലിഫോണില്‍ ചര്‍ച്ച നടത്തി.