ന്യൂദല്‍ഹി- സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വേളകള്‍ ആനന്ദകരമാക്കുന്നതിനായി കുട്ടികളെ പാട്ട് കേള്‍പ്പിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശം. ഉച്ചഭക്ഷണം വിളമ്പുന്ന വേളയിലോ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലോ കുട്ടികളെ അവരുടെ പ്രായത്തിന് ഇണങ്ങുന്ന പാട്ടുകള്‍ കേള്‍പ്പിക്കണമെന്നാണു നിര്‍ദേശം.
കലാപരമായ വിദ്യാഭ്യാസ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം. ഇത് കുട്ടികളില്‍ ശാന്തതയും സമാധാനവും വികസിക്കുന്നതിന് ഫലപ്രദമാകുമെന്നാണ് എന്‍.സി.ഇ.ആര്‍.ടിയുടെ കണ്ടെത്തല്‍.
ദല്‍ഹി ജാമിയ മിലിയ ഇസ്‌ലാമിയയുമായി സഹകരിച്ച് വിദ്യാഭ്യാസ വിദഗ്ധര്‍ 34 മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്‌കൂളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തോളം സമയമെടുത്താണ് വിദ്യാഭ്യാസ വിദഗ്ധര്‍ ഈ പഠനം നടത്തിയത്. 5130 വിദ്യാര്‍ഥികളുമായും 102 അധ്യാപകരുമായും പഠനം സംഘം സംവദിച്ചു.
പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലേക്കായി പ്രത്യേകം മാര്‍ഗ നിര്‍ദേശങ്ങളാണ് എന്‍.സി.ഇ.ആര്‍.ടി പുറത്തിറക്കിയിട്ടുള്ളത്. കലയെ ഒരു വിഷയമായല്ല, മറിച്ച് ഒരു പാഠ്യ ഉപകരണമായാണ് ഉപയോഗിക്കേണ്ടതെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. കുട്ടിയുടെ കലാപരമായ കഴിവുകളെക്കുറിച്ച് അധ്യാപകര്‍ അഭിപ്രായം പറയരുത്, അവ താരതമ്യം ചെയ്യരുത്, കലയെയല്ല അതിലേക്ക് എത്തുന്ന പ്രക്രിയയെയാണ് വിലയിരുത്തേണ്ടത്- തുടങ്ങിയ കാര്യങ്ങളാണ് മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്.
കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ചുവരെഴുത്തും അച്ചടി മാസികകളും വേണം. കഥ, കവിത, സ്‌കൂള്‍ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍, ജീവിത ബന്ധിയായ കാര്യങ്ങള്‍, ഫോട്ടോകള്‍, കുട്ടികള്‍ വരച്ച ചിത്രങ്ങളും കാര്‍ട്ടൂണുകളും ആയിരിക്കണം ഇവയുടെ ഉള്ളടക്കം.
നിലവില്‍ സ്‌കൂളുകളിലുള്ള വരിയും നിരയുമായുള്ള കുട്ടികളുടെ ഇരിപ്പിട രീതി മാറ്റണം. നിരന്തരം മാറ്റങ്ങള്‍ വരുത്താവുന്ന വിധത്തില്‍ കുടുതല്‍ സുഗമമായ ഇടത്തോടു കൂടി വേണം ക്ലാസ് മുറികളില്‍ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കാന്‍. യു ഷേപ്പിലോ, അര്‍ധവൃത്താകൃതിയിലോ ഇത് സജ്ജീകരിക്കണം. എല്ലാ കുട്ടികളുടെയും അടുത്തെത്തുന്ന രീതിയിലായിരിക്കണം അധ്യാപകര്‍ ക്ലാസ് മുറികളില്‍ പഠിപ്പിക്കേണ്ടത്. എല്ലാ ക്ലാസ് മുറികളിലും കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. കുട്ടികള്‍ക്ക് കഥാ പുസ്തകങ്ങളും മറ്റും വായിക്കാനുള്ള വായനാ മൂലയും ഒരുക്കണമെന്നും എന്‍.സി.ഇ.ആര്‍.ടി നിര്‍ദേശങ്ങളില്‍ പറയുന്നു.