ന്യൂദല്‍ഹി- രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വന്‍തോല്‍വി ഏറ്റുവാങ്ങിയ ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു രംഗത്തും ഗതിപിടിക്കാത്ത നിലയിലായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം നേതാവ് തടിയൂരിയതാണെന്നും തെരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്യാന്‍ പോലുമായിട്ടില്ലെന്നും മുന്‍ കേന്ദ്ര മന്ത്രിയും യുപിയില്‍ നിന്നുള്ള തലമുതിര്‍ന്ന നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ ഗാന്ധിയെ സൂചിപ്പിച്ചാണ് ഈ പരാമര്‍ശം.
'എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു വിലയിരുത്താന്‍ ഒത്തു ചേര്‍ന്നിട്ടു പോലുമില്ല. ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം നേതാവ് തടിയൂരിയതാണ്'- അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി വിട്ട ശേഷം പാര്‍ട്ടില്‍ ഒരു ശൂന്യതയുണ്ട്. സോണിയാ ഗാന്ധി പദവി ഏറ്റെടുക്കാന്‍ തയാറായി. എന്നാല്‍ ഒരു താല്‍ക്കാലിക ക്രമീകരണം മാത്രമായാണ് അവര്‍ പദവിയെ കാണുന്നത്. അത് അങ്ങനെ ആകരുതെന്നാണ് ആഗ്രഹം- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് ഇന്ന എവിടെ എത്തിനില്‍ക്കുന്നു എന്നോര്‍ത്ത് വലിയ വേദനയും ആശങ്കയുമുണ്ട്. എന്തു സംഭവിച്ചാലും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.