ന്യൂദല്‍ഹി-യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ നിന്ന് മുട്ടത്തോട് ലഭിച്ചതിനെ തുടര്‍ന്ന് ഭക്ഷണം വിളമ്പിയ കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ. എന്‍.സി.പിയുടെ രാജ്യസഭ എം.പിയായ വന്ദന ചവാനാണ് ഇത്തരത്തില്‍ മുട്ടത്തോട് ലഭിച്ചത്. പുനെ- ദല്‍ഹി വിമാനത്തിലായിരുന്നു വന്ദന യാത്ര ചെയ്തത്. ഇതിനിടെ കഴിക്കാന്‍ ഓംലെറ്റ് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. എന്നാല്‍ കഴിച്ച് തുടങ്ങിയപ്പോള്‍ തന്നെ മുട്ടയില്‍ നിന്ന് തോട് ലഭിക്കുകയായിരുന്നെന്ന് വന്ദന ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഓംലെറ്റില്‍ ഉണ്ടായിരുന്ന ഉരുളകിഴങ്ങ് പഴകിയതായിരുന്നെന്നും ബീന്‍സ് വെന്തില്ലെന്നും വന്ദന നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തുകയായിരുന്നു. സംഭവം ഗൗരവമായി കാണുന്നുവെന്നും വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.