ലണ്ടന്‍-ആഗോള താപനത്തിന് എതിരെ പോരാടാന്‍ ഭരണാധികാരികളെ ആഹ്വാനം ചെയ്യുന്ന പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തില്‍ മുങ്ങി ബ്രിട്ടീഷ് തലസ്ഥാനം. ലണ്ടനില്‍ രണ്ടാഴ്ച നീളുന്ന പ്രതിഷേധങ്ങളുടെ ആദ്യ ദിനത്തിലാണ് പ്രധാനപ്പെട്ട പാലങ്ങളും, റോഡുകളും പ്രതിഷേധക്കാര്‍ അടച്ചത്. 280 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. ട്രാഫല്‍ഗാര്‍ സ്‌ക്വയറിലെ പ്രതിഷേധക്കാര്‍ക്കൊപ്പം സെലിബ്രിറ്റികള്‍ പിന്തുണയുമായി എത്തി. എക്സ്റ്റിംഗ്ഷന്‍ റെബലിയന്‍ പ്രതിഷേധക്കാര്‍ റോഡുകളില്‍ ഗതാഗതം സ്തംഭിപ്പിച്ചതോടെ ലണ്ടനില്‍ വലിയ ഗതാഗത തടസ്സമാണ് ഉണ്ടായത്. യാത്ര തടസ്സപ്പെട്ട പ്രദേശവാസികളും, യാത്രക്കാരും, ആശുപത്രിയിലേക്ക് പോയ രോഗികളും, പാരാമെഡിക്കുകളും ഗതാഗത സ്തംഭനത്തിനെതിരെ രംഗത്തെത്തി. വെസ്റ്റ്മിന്‍സ്റ്റര്‍, ലാംബെത്ത് പാലങ്ങളിലും, വിക്ടോറിയ സ്ട്രീറ്റ്, വൈറ്റ്ഹാള്‍, ഹോഴ്‌സ് ഗാര്‍ഡ്‌സ് റോഡ്, ദി മാള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ഗതാഗതം തടഞ്ഞു. വലിയ പോലീസ് സാന്നിധ്യം ഉണ്ടായിട്ടും സിറ്റി സെന്ററിലും ഗതാഗതം തടസ്സപ്പെട്ടു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ലണ്ടന്‍ സ്തംഭിക്കുന്നത്. ഏപ്രില്‍ മാസത്തിലായിരുന്നു ആദ്യം.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയിട്ടും സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പോലീസിന് സാധിച്ചില്ല.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പ്രതിഷേധങ്ങളില്‍ കുരുക്കിലായി.