Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസ് മേധാവിയ്ക്ക് ചുട്ടമറുപടിയുമായി ശശി തരൂര്‍

തിരുവനന്തപുരം-ആള്‍ക്കൂട്ട കൊലപാതകത്തെകുറിച്ചുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോബ് ലിഞ്ചിംഗ് എന്ന വാക്ക് പാശ്ചാത്യ സൃഷ്ടിയാകാം. എന്നാല്‍ അതിനാല്‍ കുറ്റകൃത്യം കുറ്റകൃത്യം അല്ലാതാകുന്നില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ ഭാരതീയ സംസ്‌കാരം അനുവദിക്കുന്ന പേരിട്ട് വിളിക്കാമെന്ന് തരൂര്‍ പരിഹസിച്ചു.ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയും രംഗത്ത് വന്നിരുന്നു.ആള്‍ക്കൂട്ട കൊലപാതകത്തിന്റെ ഇരകള്‍ ഇന്ത്യക്കാരാണ്, എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്നത് ആരാണ്, അവര്‍ മരിക്കുമ്പോള്‍ തൃവര്‍ണ്ണ പതാക പുതപ്പിക്കുന്നത് ആരാണ്. ഗോഡ്‌സയെ ആരാധിക്കുന്ന ബിജെപി എംപിയുണ്ട്. ഗാന്ധിയെ കൊന്ന ആദര്‍ശത്തോളം വലിയ നാണക്കേട് ഇന്ത്യയ്ക്ക് വരാനില്ല. ഭഗവത്ത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ പേര് മാറ്റണം എന്നാണ് പറഞ്ഞത്, അല്ലാതെ അത് നിര്‍ത്തണം എന്നല്ലന്നും ഒവൈസി ട്വീറ്റിലൂടെ പ്രതികരിച്ചു.ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഉപയോഗിക്കുന്നതാണ് ആള്‍ക്കൂട്ട കൊലപാതകമെന്നാണ് ആര്‍എസ്എസ് മേധാവി പറഞ്ഞത്. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിഞ്ചിംഗ് ഇന്ത്യയില്‍ ഉത്ഭവിച്ച വാക്കല്ല. ഒരു പ്രത്യേക മതത്തില്‍നിന്നാണ് ആ വാക്ക് ഉരുത്തിരിഞ്ഞത്. അത് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. രാജ്യത്തെ അപമാനിക്കാന്‍ ആള്‍ക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
 

Latest News