അമ്മാന്‍- പരമാവധി വിജ്ഞാനം നേടി സമൂഹത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നവരാവണം സമുദായ നേതാക്കളെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനം കൂടുതല്‍ ചെലവഴിക്കാന്‍ സമുദായ നേതൃത്വം മുന്നോട്ടു വരണം. ജ്ഞാനം കരസ്ഥമാക്കിയവര്‍ക്കേ അല്ലാഹുവിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ- അദ്ദേഹം പറഞ്ഞു.
ജോര്‍ദാനിലെ അമ്മാനില്‍ ദി റോയല്‍ അഹ്‌ലുല്‍ ബൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രപഞ്ചത്തില്‍ അല്ലാഹുവിന്റ വിധികളുടെ മാഹാത്മ്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. സ്രഷ്ടാവ് നിര്‍ദേശിച്ച പ്രകാരമുള്ള ശ്രേഷ്ഠവും സമാധാനപരവുമായ ജീവിതം നയിക്കുക എന്നാതാവണം വിശ്വാസികളുടെ രീതി. ത്രിദിന അന്തരാഷ്ട്ര സമ്മേളനം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ മുഖ്യ ഉദേഷ്ടാവ് പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍നിന്ന് പ്രത്യേക ക്ഷണിതാവായി എത്തിയ കാന്തപുരം പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിതവും സമീപന രീതികളും ചരിത്രപരമായി നിലനില്‍ക്കുന്ന മത സൗഹാര്‍ദവും മാതൃകാപരമാണെന്ന് ഗാസി ബിന്‍ മുഹമ്മദ് പറഞ്ഞു.
യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി, മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അലി ജുമുഅ, യമനി പണ്ഡിതനായ ശൈഖ് ഹബീബ് ബിന്‍ ഉമര്‍ ഹഫീസ്, വേള്‍ഡ് മുസ്‌ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബശരി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഇസ്മാഈല്‍ ഫജ്‌രി, ശൈഖ് മുഹമ്മദ് യാഖൂബി സിറിയ, ബോസ്‌നിയന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. മുസ്തഫ സെറിക് , ഡോ. ഉസാമ അസ്ഹരി ഈജിപ്ത്, ഡോ. അബ്ദുല്ല മുഹമ്മദ് ഹസന്‍ മക്ക, ശൈഖ് ഹംസ യൂസുഫ് അമേരിക്ക തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.