ചണ്ഡീഗഢ്- ഒക്ടോബര്‍ 21ന് വോട്ടെടുപ്പ് നടക്കുന്ന ഹരിയാനയിലെ ആദംപൂര്‍ നിയമസഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ടിക് ടോക്ക് താരവുമായ സൊണാനി പൊഗട്ട് 'ഭാരത് മാതാ കീ ജയ്' വിളിക്കാത്തവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്ന വിഡിയോ വൈറലായി. ഇന്ത്യക്കാരാണെങ്കില്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്നും തരംതാണ രാഷ്ട്രീയത്തിന്റെ പേരില്‍ ഇതിനു തയാറാകാത്തവരുടെ വോട്ടിന് വിലയില്ലെന്നുമാണ് സൊണാലി പറ്ഞ്ഞത്. ബല്‍സമന്ദ് ഗ്രാമത്തില്‍ ഒരു പ്രചാരണ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. സദസ്സിനോട് ഭാരത് മാതാ.... വിളിക്കാന്‍ സൊണാലി ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ ഏറ്റു വിളിക്കാത്തത് അവരെ പ്രകോപിപ്പിച്ചു. നിങ്ങള്‍ പാക്കിസ്ഥാനില്‍ നിന്നാണോ? നിങ്ങളെയോര്‍ത്തു ലജ്ജിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.
ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ച് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കില്‍ താരമായ ആളാണ് മുന്‍ നടി കൂടിയായ സൊണാലി പൊഗട്ട്. ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴസുള്ള സൊണാലിയെ അപ്രതീക്ഷിതമായാണ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ആദംപൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ആദംപൂര്‍ ഇത്തവണ അമേഠിയാകുമെന്ന് സൊണാലി പറഞ്ഞിരുന്നു. മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ തട്ടകമായ ഇവിടെ മകന്‍ കുല്‍ദീപ് ബിഷ്‌ണോയ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.