വാഷിങ്ടണ്‍- ഷിന്‍ജിയാങ് മേഖലയിലെ ഉയ്ഗുര്‍ മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ചും പീഡന നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ചൈനയുടെ നീക്കത്തെ സഹായിച്ചതിന് 28 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. യുഎസില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും ഈ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് അറിയിച്ചു. ചൈനയിലെ വംശീയ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച പ്രസിദ്ധീകരിക്കുന്ന പുതുക്കിയ യുഎസ് ഫെഡറല്‍ രജിസ്റ്റര്‍ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട കമ്പനികളില്‍ വിഡിയോ നിരീക്ഷണ കമ്പനിയായ ഹിക് വിഷന്‍, നിര്‍മിത ബുദ്ധി കമ്പനിയായ മെഗ്വീ ടെക്‌നോളജി, സെന്‍സ്‌ടൈം എന്നീ കമ്പനികളും ഉള്‍പ്പെടുന്നതായി റിപോര്‍ട്ടുണ്ട്.
നാസി ജര്‍മനിയില്‍ നടന്നതിനു സമാനമായ വംശീയ ഉന്മൂലനമാണ് ചൈനയില്‍ നടക്കുന്നതെന്നും പത്തു ലക്ഷത്തോളം ഉയ്ഗൂര്‍ വംശജരും അല്ലാത്തവരുമായ മുസ്ലിംകളെ പിടികൂടി ചൈനീസ് ഭരണകൂടം പടിഞ്ഞാറന്‍ ഷിന്‍ജിയാങിലെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇത്തരം ക്യാമ്പുകള്‍ ഇല്ലെന്ന് പറഞ്ഞു റിപോര്‍ട്ടുകള്‍ തള്ളിയ ചൈനീസ് ഭരണകൂടം ഇപ്പോള്‍ പറയുന്നത് ഈ ക്യാമ്പുകള്‍ തൊഴില്‍ പരിശീലന സ്‌കൂളുകളാണെന്നാണ്.