Sorry, you need to enable JavaScript to visit this website.

ഐക്യരാഷ്ട്ര സഭയ്ക്ക് പണമില്ല; ഈ മാസത്തോടെ കീശ കാലിയാകുമെന്ന് സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്- ഐക്യരാഷ്ട്ര സഭയ്ക്ക് (യുഎന്‍) പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ കൈവശം പണമില്ലെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടര്‍റസ്. ബാക്കിയുള്ള പണം  ഒക്ടോബര്‍ മാസം അവസാനത്തോടെ ഉപയോഗിച്ചു തീരുമെന്നും യുഎന്‍ സെക്രട്ടേറിയറ്റിലെ 37,000 ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. പ്രവര്‍ത്തന ബജറ്റില്‍ 23 കോടി ഡോളറിന്റെ കുറവുമായി യുഎന്‍ വളരെ ഞെരുക്കത്തിലാണെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്യുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ വേണ്ടിവരുമെന്നും ഗുട്ടര്‍റസ് പറയുന്നു.

ഐക്യരാഷ്ട്ര സഭയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ബജറ്റിന് ആവശ്യമായ തുകയുടെ 70 ശതമാനം മാത്രമെ അംഗ രാജ്യങ്ങള്‍ നല്‍കിയിട്ടുള്ളൂ. ഇതു കാരണം സെപ്തംബര്‍ അവസാനത്തോടെ 23 കോടി ഡോളറിന്റെ കുറവാണ് നേരിട്ടത്. ഈ മാസം അവസാനത്തോടെ കരുതല്‍ ധനശേഖരം കൂടി എടുത്തു ഉപയോഗിക്കേണ്ടി വരും. ഇതോടെ പണം പൂര്‍ണമായും തീരുമെന്നും ഗുട്ടര്‍റസ് കത്തില്‍ പറയുന്നു. 

യുഎന്‍ സമ്മേളനങ്ങളും യോഗങ്ങളും മാറ്റിവച്ചും സേവനങ്ങള്‍ വെട്ടിക്കുറച്ചും ചെലവ് ചുരുക്കണമെന്ന നിര്‍ദേശവും ഗുട്ടര്‍റസ് മുന്നോട്ടു വച്ചു. നിര്‍ബന്ധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രം ഔദ്യോഗിക യാത്രകള്‍ മതിയെന്നും അദ്ദേഹം നിര്‍ദേശിച്ചു. യുഎന്‍ പണ പ്രതിസന്ധിയിലേക്കു പോകുകയാണെന്നും അംഗരാജ്യങ്ങള്‍ നല്‍കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്നും മാസങ്ങള്‍ക്ക് മുമ്പ് ഗുട്ടര്‍റസ് യുഎന്നില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംഗരാജ്യങ്ങള്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു.
 

Latest News