കോഴിക്കോട്-ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം മാതൃഭൂമി ദിനപത്രത്തില്‍ വന്നതില്‍ പ്രതിഷേധവുമായി കവി അന്‍വര്‍ അലി. ഇനി മാതൃഭൂമിയില്‍ എഴുതില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. മരിച്ച മാതൃഭൂമിയില്‍ ഇനിയില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്റെ എഴുത്തുകാര ജീവിതം നീതിബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും കൂടി ജീവിതമാണ്. ദക്ഷിണേഷ്യയെ അപ്പാടെ കൊടും നരകമാക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന സംഘപരിവാരങ്ങളെ വെള്ളപൂശല്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വേദനാകരമായ അര്‍ബുദമായി മാറിയിരിക്കുന്ന കാലത്ത്, ഹിന്ദുത്വ വര്‍ഗീയതയ്ക്ക് അരുനില്‍ക്കുന്ന മാതൃഭൂമി ഗ്രൂപ്പിന്റെ സാംസ്‌കാരിക മുഖമായ ആഴ്ച്ചപ്പതിപ്പിലെ എഴുത്തുകാരില്‍ ഒരാളായി ഇനി തുടരാനാവില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. എസ് ഹരീഷിന്റെ മീശ പിന്‍വലിച്ച വേളയില്‍ തന്നെ എടുക്കേണ്ടിയിരുന്ന, വര്‍ഗീയതയ്‌ക്കെതിരെയും സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് വേണ്ടിയും വാദിച്ച എഡിറ്ററെ പുറത്താക്കിയപ്പോഴെങ്കിലും എടുക്കേണ്ടിയിരുന്ന, വൈകിപ്പോയ ഒരു തീരുമാനമാണിത്. വൈകിയതിലുള്ള ആത്മനിന്ദയോടെ പറയട്ടെ, ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്‍മദിനത്തില്‍, ഗാന്ധി വധത്തില്‍ നേരിട്ടും പ്രത്യശാസ്ത്രപരമായും ഉത്തരവാദികളായ ആര്‍എസ്എസിന്റെ നേതാവായ മോഹന്‍ ഭാഗവതിനെ കൊണ്ട് ഗാന്ധി വാഴ്ത്ത് നടത്തിച്ച ഹിന്ദുത്വ മാതൃഭൂമിയുടെ പത്രത്തിലോ വാരികയിലോ ഞാനിനി എഴുതില്ല- അന്‍വര്‍ അലി പോസ്റ്റില്‍ പറയുന്നു.