ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കും
റിയാദ്- ആഭ്യന്തര സുരക്ഷക്ക് പുതിയ സംവിധാനമൊരുക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി. ഭീകരതക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് രാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി എന്ന പേരിൽ പുതിയ വകുപ്പ് സ്ഥാപിക്കുമെന്ന് രാജവിജ്ഞാപനം പറയുന്നു. ജനറൽ ഇന്റലിജൻസ് ഡയരക്ടറേറ്റ്, സ്‌പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ്, ഏവിയേഷൻ ഫോഴ്‌സ്, എമർജൻസി ഫോഴ്‌സ് എന്നിവയെ പുതിയ വകുപ്പിന് കീഴിൽ കൊണ്ടുവരും.
ജനറൽ ഇന്റലിജൻസ് മേധാവി ജനറൽ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽഹുവൈറീനി നിലവിലെ തസ്തികയിൽ തുടരുന്നതോടൊപ്പം മന്ത്രി പദവിയോടെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയുടെ അധ്യക്ഷനായി ചുമതലയേൽക്കും. രാഷ്ട്രീയ, സുരക്ഷാ കൗൺസിലിൽ അംഗമായും ഇദ്ദേഹം പ്രവർത്തിക്കും. ദേശീയ സുരക്ഷാവിഭാഗത്തിന്റെ അസിസ്റ്റന്റ് മേധാവിയായി അബ്ദുൽ കരീം അബ്ദുൽ അസീസ് അൽ ഈസയെ മന്ത്രിപദവിയോടെ നിശ്ചയിച്ചിട്ടുണ്ട്.
ഇതിന് പുറമെ, ടെക്‌നിക്കൽ അഫയേഴ്‌സ് ഡയരക്ടറേറ്റും നാഷണൽ ഇൻഫർമേഷൻ സെന്ററും കൂടി പുതിയ വകുപ്പിലേക്ക് കൂട്ടിച്ചേർക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പൊതുസുരക്ഷയുമായി ബന്ധപ്പെട്ട ഇതര വകുപ്പുകൾ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിക്ക് കീഴിലേക്ക് മാറ്റും. ആഭ്യന്തര മന്ത്രി രാഷ്ട്രീയ, സുരക്ഷാ കൗൺസിലിൽ അംഗമായിരിക്കുമെന്നും പുതിയ രാജവിജ്ഞാപനം വ്യക്തമാക്കുന്നു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഓഫീസ് മേധാവിയായി മന്ത്രിപദവിയോടെ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അസാകിർ നിയമിതനായി. റോയൽ ഗാർഡ് മേധാവിയായിരുന്ന ഹമദ് അൽഔഹലിയെ പദവിയിൽ നിന്ന് നീക്കം ചെയ്തു. കിരീടാവകാശിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒട്ടക ക്ലബ്ബ് രൂപീകരിക്കും. ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ജനറൽ സൂപ്രണ്ടിനെ നിശ്ചയിക്കും.