Sorry, you need to enable JavaScript to visit this website.

മരട് ഫ്ളാറ്റ് പൊളിക്കാതെ സാധുക്കൾക്കായി മാറ്റി സ്ഥാപിക്കാമെന്ന് പ്രവാസി എൻജിനീയർ 

കുഞ്ഞിമൊയ്തീൻ മുക്കം

തുറൈഫ്- സുപ്രീം കോടതി വിധി പ്രകാരം പൊളിക്കാൻ തീരുമാനിച്ചിട്ടുള്ള മരട് ഫ്ളാറ്റ് ഭവന രഹിതർക്കും സാധുക്കൾക്കുമായി മുന്നൂറ് കുടുംബങ്ങൾക്ക്  ഉപയോഗിക്കാവുന്ന വിധത്തിൽ മുറിച്ചു മാറ്റാമെന്ന് പ്രവാസി എൻജിനീയർ കുഞ്ഞിമൊയ്തീൻ മുക്കം. ഫ്ളാറ്റ് പൊളിച്ച് കടലിലോ മറ്റോ തള്ളുന്നതിനു പകരം കൃത്യമായി മെഷർമെന്റ് ചെയ്തു സ്ലാബും ബീമും ചുമരും മുറിച്ചെടുത്ത് അനുയോജ്യമായ മറ്റൊരു സ്ഥലത്ത് വീടുകൾ ഉണ്ടാക്കാം. നല്ല ബലമുള്ള താമസ യോഗ്യമായ വീടുകൾ ഇവകൊണ്ട് ഉണ്ടാക്കാമെന്നും ഇതുവഴി പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. 
സർക്കാരോ മറ്റ് ഏജൻസികളോ സ്ഥലം അനുവദിച്ചാൽ അവിടെ ഇതുപയോഗിച്ച് മുന്നൂറ് കുടുബങ്ങൾക്കെങ്കിലും വീട് പണിയാനാവും. പൊളിക്കാനായി വേണ്ടിവരുന്ന ഇരുപത്തിയഞ്ച് കോടിയിൽ അൽപം അധികം പണം ആവശ്യമായി വരും എന്ന് മാത്രം. ഈ പണം സർക്കാരോ മറ്റ് ഏജൻസികളോ എടുക്കാൻ തയാറായാൽ ഒരു പാരിസ്ഥിതിക പ്രശ്‌നവുമില്ലാതെ ഒന്നും ഉപയോഗശൂന്യമാവാതെ പ്രയോജനപ്പെടുത്താം. സൗദി അറേബ്യയിൽ വൻ പാലങ്ങൾ, ഓവുചാലുകൾ, ബിൽഡിംഗുകൾ എന്നിവ ഈ രീതി ഉപയോഗിച്ച് പല തവണ നിർമിച്ച അനുഭവ പരിചയമുണ്ടെന്നും ഇദ്ദേഹം പറയുന്നു. സർക്കാർ മുന്നോട്ട് വന്നാൽ സൗദി പ്രവാസി എൻജിനീയറിംഗ് ഗ്രൂപ്പും മെഡ്‌കോ കമ്പനിയും ഏറ്റെടുക്കാൻ തയാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. 
പരിസ്ഥിതിയുടെ പേരിലാണ് ഫ്ളാറ്റ് പൊളിക്കുന്നത്. എന്നാൽ പൊളിച്ചാൽ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ എവിടെ തള്ളണമെന്ന് ഇനിയും തീരുമാനമായിട്ടില്ല. കടലിൽ തള്ളിയാൽ അതും പാരിസ്ഥിതിക പ്രശ്‌നമായി മാറും. ഇത്രയും വലിയ ഫ്ളാറ്റ് പൊളിക്കുന്നത് തന്നെ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ കുഞ്ഞിമൊയ്തീന്റെ അഭിപ്രായത്തിന് പ്രസക്തിയുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് കൊല്ലമായി സൗദിയിൽ ചീഫ് സർവേയർ ആയി ജോലി നോക്കുകയാണ് ഇദ്ദേഹം. തന്റെ ഫേസ്ബുക്കിൽ ഇത് സംബന്ധമായ വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.  കോഴിക്കോട് ജില്ലയിലെ മുക്കം സ്വദേശിയാണ് കുഞ്ഞിമൊയ്തീൻ.    

 

 

 

Latest News