Sorry, you need to enable JavaScript to visit this website.

ആരെയിലെ മരങ്ങളുടെ അവകാശം പോലും കശ്മീരികള്‍ക്കില്ലെ? മെഹ്ബൂബ മുഫ്തിയുടെ ചോദ്യം

ന്യൂദല്‍ഹി- മുംബൈ നഗരത്തിലെ ആരെ കോളനിയിലെ മരങ്ങള്‍ക്ക് ലഭിക്കുന്ന അവകാശം പോലും കശ്മീരിലെ ജനങ്ങല്‍ക്ക് ലഭിക്കുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബുബ മുഫ്തി. പരിസ്ഥിതി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ആരെയിലെ മരം മുറി സുപ്രീം കോടതി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ മെഹ്ബൂബ രംഗത്തെത്തിയത്. കശമീരികളുടെ ജീവനേക്കാള്‍ വലുതാണ് ആരെയിലെ മരങ്ങളെന്ന് ട്വിറ്ററില്‍ മെഹബൂബ കുറിച്ചു.

ആരെയിലെ മരം മുറി നിര്‍ത്തിവെക്കാനായതില്‍ സന്തോഷം പ്രകടപിച്ച അവര്‍ എന്തു കൊണ്ട് ഇതേ അവകാശങ്ങള്‍ കശ്മീരികള്‍ക്കും അനുവദിച്ചു തരുന്നില്ലെന്നും ചോദിച്ചു. സര്‍ക്കാര്‍ പറയുന്നത് കശ്മീരികള്‍ മറ്റെല്ലാ ഇന്ത്യക്കാരേയും പോലെ തുല്യരാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ മൗലികാവകാശങ്ങള്‍ പോലും തഴയപ്പെട്ട നിലയിലാണ് കശ്മീരികള്‍ എന്നതാണ് വസ്തുത എന്നും മറ്റൊരു ട്വീറ്റില്‍ അവര്‍ പറഞ്ഞു. വീട്ടുതടങ്കലില്‍ കഴിയുന്ന മെഹ്ബൂബയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മകള്‍ ഇല്‍തിജയാണ്. ഇത് അമ്മയുടെ എല്ലാ അനുമതികളും ഉണ്ടെന്ന് ഇല്‍തിജ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Latest News