കാബൂൾ- ഒരു വർഷത്തോളമായി അഫ്ഗാനിൽ താലിബാൻ തടവിലാക്കിയിരുന്ന ഇന്ത്യക്കാരായ മൂന്ന് എൻജിനീയർമാരെ മോചിപ്പിച്ചു. പതിനൊന്ന് താലിബാൻ ഭീകരരെ വിട്ടയച്ചാണ് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ മോചിപ്പിച്ചത്. ഇന്നലെയാണ് തടവുകാരെയും ഭീകരരെയും പരസ്പരം കൈമാറിയത്. ഏത് സ്ഥലത്തുവെച്ചാണ് കൈമാറ്റം നടന്നതെന്ന കാര്യം വ്യക്തമല്ല. താലിബാൻ വക്താക്കളോ അഫ്ഗാൻ സർക്കാറിന്റെ പ്രതിനിധികളോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ സർക്കാർ, യു.എസ് സേന എന്നിവർ പിടികൂടിയ ഭീകരരെയാണോ കൈമാറിയത് എന്ന കാര്യവും വ്യക്തവുമല്ല. 2001 വരെ അഫഗാനിൽ ഭരണം നടത്തിയിരുന്ന താലിബാന്റെ കുനാർ, നിമ്രോസ് പ്രവിശ്യകൾ ഭരിച്ചിരുന്ന ഗവർണർമാരായ ഷെയ്ഖ് അബ്ദുൽ റഹീം, മൗലവി അബ്ദുൽ റഷീദ് എന്നീ നേതാക്കളും വിട്ടയക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ബഗ്്‌ലാൻ പ്രവിശ്യയിലെ പ്ലാന്റിൽനിന്ന് എൻജിനീയർമാരായ ഏഴ് ഇന്ത്യക്കാരെ 2018 മെയിലാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ആരും ഇതേവരെ അവകാവശവാദം ഉന്നയിച്ചിരുന്നില്ല. ഒരാളെ കഴിഞ്ഞ മാർച്ചിൽ വിട്ടയച്ചിരുന്നു.