വാഷിങ്ടണ്‍- 35 വര്‍ഷങ്ങള്‍ക്കിടെ 93 പേരെ കൊലപ്പെടുത്തിയെന്ന് കുറ്റ സമ്മതം നടത്തിയ കൊലക്കേസ് പ്രതി 79കാരന്‍ സാമുവര്‍ ലിറ്റിലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് അമേരിക്കയിലെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരമ്പര കൊലയാളിയായ സാമുവല്‍ നടത്തിയ 50 കൊലപാതകങ്ങള്‍ എഫ്ബിഐ തെളിയിച്ചു. ഇവയില്‍ സാമുവലിന്റെ പങ്ക് കണ്ടെത്തി. ബാക്കിയുള്ളവയും വിശ്വസനീയമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവ തെളിയിക്കാനിരിക്കുകയാണ്. സാമുവല്‍ മക്ഡവല്‍ എന്ന പേരിലും അറിയപ്പെടുന്ന പ്രതി മുന്‍ ബോക്‌സിങ് താരം കൂടിയാണ്.
1970നും 2005നും ഇടയിലാണ് ഈ കെലാപാതകങ്ങളെല്ലാം സാമുവല്‍ നടത്തിയത്. ഏറെയും സ്ത്രീകളായിരുന്നു ഇരകള്‍. ഇവരില്‍ പലരുടേയും മരണങ്ങള്‍ അമിത മരുന്നുപയോഗം, യാദൃശ്ചികം, തിരിച്ചറിയപ്പെടാത്ത കാരണങ്ങള്‍ എന്നിവ മൂലമാണെന്ന് കരുതി തള്ളിയവയായിരുന്നെന്ന് എഫ്ബിഐ പറയുന്നു. കൊലപാതകത്തിന് സാമുവല്‍ വരച്ച സ്‌കെച്ചുകളും കൊലപാതക ദൃശ്യങ്ങളും അടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി എഫ്ബിഐ ഒരു വെബ്‌സൈറ്റ് തയാറാക്കിയിട്ടുണ്ട്.
മൂന്ന് കൊലപാതകങ്ങളില്‍ ശിക്ഷിക്കപ്പെട്ട സാമുവല്‍ 2014 മുതല്‍ ജീവപര്യന്തം തടവിലാണ്. കൊലപ്പെടുത്തിയ ഇരകള്‍ക്കു വേണ്ടി ആരും മുന്നോട്ടു വരാത്തതിനാല്‍ താന്‍ പിടിക്കപ്പെടില്ലെന്നാണ് സാമുവര്‍ വര്‍ഷങ്ങളോളം കരുതിയതെന്ന് എഫ്ബിഐ ക്രൈം അനലിസ്റ്റ് ക്രിസ്റ്റി പലാസോളോ പറയുന്നു. സാമുവല്‍ ജയിലാണെങ്കിലും കൊല്ലപ്പെട്ട ഓരോരുത്തര്‍ക്കും നീതി ലഭ്യമാക്കി ഓരോ കേസും പൂര്‍ത്തിയാക്കാനാണ് എഫ്ബിഐ നീക്കം. 2012ലാണ് സാമുവല്‍ ആദ്യമായി അറസ്റ്റിലാകുന്നത്. മയക്കു മരുന്ന് കേസില്‍ കാലിഫോര്‍ണിയയില്‍ നിയമനടപടി നേരിട്ടു. ഇതിനിടെ സാമുവലിന്റെ ഡിഎന്‍എ തെളിവുകള്‍ മൂന്ന് കൊലപാതക കേസുകളുമായി യോജിച്ചതാണ് കൊലപാതക പരമ്പര പുറത്തു വരുന്നതില്‍ നിര്‍ണായക തുമ്പായത്. 1987നും 89നുമിടയില്‍ ലോസ് ആഞ്ചലസില്‍ മൂന്ന് സ്ത്രീകളെ മര്‍ദിച്ചു ശ്വാസം മുട്ടിച്ചു കൊന്നതായിരുന്നു കുറ്റം. ഈ കേസില്‍ ശിക്ഷയനുഭവിച്ച് വരികയാണിപ്പോള്‍ സാമുവല്‍.