Sorry, you need to enable JavaScript to visit this website.

കൂടത്തായി കൊലപാതകം: ഷാജുവിനെതിരെ തെളിവുകള്‍; മുന്‍ എസ്‌ഐ, തഹസില്‍ദാര്‍ എന്നിവരേയും ചോദ്യം ചെയ്യുന്നു

കോഴിക്കോട്- കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറു പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നു. നേരത്തെ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്ന ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. ജോളിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണിത്. ഷാജുവിനെ കൂടാതെ താമരശ്ശേരി മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറേയും ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് വിളിച്ചിപ്പിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് കൊല്ലപ്പെട്ട റോയ് തോമസിന്റെ മരണം അന്വേഷിച്ച കോടഞ്ചേരി എസ് ഐ രാമുണ്ണിയോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. റോയിയുടേത് ആത്മഹത്യയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ രാമനുണ്ണി മൃതദേഹത്തിലെ സയനൈഡിന്റെ അംശത്തെ കുറിച്ച് അന്വേഷിച്ചിരുന്നില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

ഭൂമി ഇടപാടില്‍ ജോളിക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണമാണ് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ ഉള്ളത്. ആറു കൊലപാതകങ്ങള്‍ നടത്താന്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിട്ടുണ്ടെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുള്ള സാധ്യത തെളിഞ്ഞു. ഷാജുവിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ജോളിയെ സഹായിച്ചവരെല്ലാം നിരീക്ഷണത്തിലാണ്. കേസില്‍ റിമാന്‍ഡിലുള്ള ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണു നീക്കം. ഇതിനു ശേഷമാകും കൂടുതല്‍ അറസ്റ്റുകള്‍. 

Latest News