റിയാദ്- ലിബിയൻ സയാമീസ് ഇരട്ടകളായ അഹ്മദ്, മുഹമ്മദ് എന്നിവരെ സൗദിയിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കുന്നു. സങ്കീർണമായ അവസ്ഥയിലുള്ള കുട്ടികളെ സൗദിയിലേക്ക് കൊണ്ടുവരാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചതായി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് സെന്റർ സൂപ്പർവൈസറുമായ ഡോ.അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ അറിയിച്ചു.
നാഷണൽ ഗാർഡിന് കീഴിലുള്ള കിംഗ് അബ്ദുല്ല ചൈൽഡ് സ്‌പെഷ്യാലിറ്റി സെന്റർ വിശദമായി പഠിച്ചതിന് ശേഷമായിരിക്കും വേർപെടുത്തൽ ശസ്ത്രക്രിയ പൂർത്തിയാക്കുകയെന്നും മെഡിക്കൽ സംഘം മേധാവി കൂടിയായ ഡോ.അൽ റബീഅ പറഞ്ഞു. ഇരട്ടകൾ ഇന്ന് സൗദിയിലെത്തും.
ഇക്കഴിഞ്ഞ ജൂൺ 24ന് ആണ് ട്രിപ്പോളിയിൽ നെഞ്ചിന് താഴെ ഉദരവും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിൽ അഹ്മദും മുഹമ്മദും ജനിച്ചത്. ദഹനവ്യവസ്ഥ, സന്താനോൽപാദനം, മൂത്രനാളം എന്നിവ പങ്കിടുന്ന കുട്ടികളെ വേർപെടുത്തുന്നത് അതീവ സങ്കീർണമാകുമെന്നാണ് വിലയിരുത്തൽ. ഇതിനകം 21 രാജ്യങ്ങളിലെ 107 സയാമീസ് ഇരട്ടക്കുട്ടികളുടെ കേസുകൾ സൗദി നാഷണൽ ട്വിൻസ് സെപ്പറേഷൻ പ്രോഗ്രാം പഠന വിധേയമാക്കിയിട്ടുണ്ട്. വിജയ സാധ്യതയുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ഇത് 48-ാമത് ശസ്ത്രക്രിയയായിരിക്കുമെന്നും ഡോ.അബ്ദുല്ല അൽറബീഅ വ്യക്തമാക്കി.