ഒരിടത്തൊരിടത്തുണ്ടായിരുന്ന രാജാവിനെക്കുറിച്ചുള്ള ബാല്യകാല സ്മരണകളിൽ തുടങ്ങുന്നതാണ് നമ്മുടെ കഥാപ്രപഞ്ചം. അവിടെ നിന്ന് കഥകൾ ഏതെല്ലാം സഞ്ചാര വീഥികൾ പിന്നിട്ടു. എത്രയോ പരീക്ഷണങ്ങളിലൂടെ കടന്നുപോയി. രചനാ സങ്കേതങ്ങളിൽ പരീക്ഷണങ്ങളുടെ ഭാരമൊന്നുമില്ലാതെ ജീവിതത്തിൽ നിന്ന് പുസ്തകത്താളുകളിലേക്ക് നേരിട്ട് പറിച്ചു നട്ട കഥകളാണ് ഖാദർ പട്ടേപ്പാടത്തിന്റെ നിലാവും നിഴലും എന്ന പുതിയ കഥാ സമാഹാരത്തെ ആസ്വാദ്യമാക്കുന്നത്.
ഖാദർ പട്ടേപ്പാടത്തിന്റെ ജീവിത ഭൂമികയായ ഇരിങ്ങാലക്കുടയിലെയും പരിസരങ്ങളിലെയും മനുഷ്യരുടെ അനുഭവങ്ങളിലൂടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവും സാമൂഹ്യാന്തരീക്ഷത്തിലുണ്ടായ മാറ്റവും അടയാളപ്പെടുത്തുന്നുണ്ട് ഈ രചനകൾ. അതിനേക്കാളുപരി കഥാകൃത്തിന്റെ മനസ്സിലെ നന്മയും ഉൽപതിഷ്ണുത്വവുമാണ് കഥകളിലുടനീളം സ്ഫുരിച്ചു നിൽക്കുന്നത്. മുത്തലാഖ് കേസിൽ കോടതിയിൽ ഉമ്മയോടൊപ്പം എത്തിയ കുഞ്ഞു മക്കൾ പുതിയ മണവാട്ടിയുമായി കാറിൽ വന്നിറങ്ങുന്ന വാപ്പയെ നോക്കിക്കാണുന്ന 'ബന്ധങ്ങൾ' എന്ന കഥ ആവിഷ്‌കാരത്തിലെ ആത്മാർഥത കൊണ്ട് കണ്ണു നനയിക്കുന്നതാണ്.
കുട്ടിക്കാലത്ത് സ്‌കൂളിലും ഓത്തുപള്ളിയിലും പഠിപ്പിച്ച ഗുരുക്കന്മാർക്കുള്ള കണ്ണീർ പ്രണാമമായാണ് ' 'ഓർമയിലൊരു ഏഡ് മാഷ്', 'ഓത്തുപള്ളി', 'പൂക്കൾ നിറഞ്ഞ തുരുത്ത്', 'ഫസീല ടീച്ചർ' എന്നീ കഥകളിലുള്ളത്. പഴയകാല കമ്യൂണിസ്റ്റ് നന്മകളുടെ ഓർമപ്പെടുത്തലാണ് 'അങ്ങനെയൊരാൾ', 'ഉമ്മയുടെ സഞ്ചാരവഴികൾ' എന്നീ കഥകൾ. ഉമ്മയുടെ സഞ്ചാരവഴികൾ മിത്തും ചരിത്രവും ഇഴചേർന്നു പോകുന്ന മികച്ച വായനാനുഭവം നൽകുന്നു. മതാന്ധത സാധാരണ ജീവിതങ്ങളിൽ പിടിമുറുക്കുന്നതിനോടുള്ള നിശബ്ദ പ്രതിഷേധം 'ആമിനക്കുട്ടിയുടെ പൊന്നമ്പിളി രാവ്', 'ഇരുളിലെ എഴുത്ത്', 'അവസ്ഥ', 'തീക്കാറ്റിലെ പ്രണയം' എന്നീ കഥകളിൽ കാണാം. പായൽ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 20 കഥകളാണുള്ളത്.
വില 60 രൂപ.