ന്യൂദല്‍ഹി- ദസറ ദിവസം ഫ്രാന്‍സിലായിരിക്കുമെങ്കിലും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആയുധ പൂജ മുടക്കില്ല. ഇന്ത്യന്‍ വ്യോമ സേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനി നിര്‍മിച്ച ആദ്യ റഫേല്‍ പോര്‍വിമാനം ഏറ്റുവാങ്ങാന്‍ ചൊവ്വാഴ്ച ഫ്രാന്‍സിലേക്കു പോകാനിരിക്കുകയാണ് രാജ്‌നാഥ് സിങ്. എല്ലാ വര്‍ഷവും ആചരിച്ചു വരുന്ന ആയുധ പൂജ മന്ത്രി ഇത്തവണ ഫ്രാന്‍സില്‍ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച ഫ്രാന്‍സില്‍ നിന്നും റഫേല്‍ പോര്‍വിമാനം മന്ത്രി ഏറ്റുവാങ്ങും. ഇത് ഔപചാരികമായി ഇന്ത്യന്‍ വ്യോമ സേനയില്‍ ഉള്‍പ്പെടുത്തിയ ശേഷം റഫേല്‍ യുദ്ധ വിമാനത്തില്‍ രാജ്‌നാഥ് സിങ് പറക്കല്‍ നടത്തിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. രാജ്‌നാഥ് ഫ്രാന്‍സില്‍ എത്തുന്ന ചൊവ്വാഴ്ച തന്നെയാണ് ദസറയും വ്യോമ സേനാ ദിനവും. ബുധനാഴ്ച വ്യോമ സേനാ ഉപമേധാവി വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ എച് എസ് അറോറ ഉള്‍പ്പെടെ മുതിര്‍ന്ന പ്രതിരോധ, വ്യോമ സേനാ ഉദ്യോഗസ്ഥരോടൊപ്പം പാരിസും സന്ദര്‍ശിക്കും.