ന്യൂദല്‍ഹി- ആഭ്യന്തര മന്ത്രി അമിത് ഷാ യാത്ര ചെയ്യുന്ന വിമാനം പറത്താന്‍ വേണ്ടി മുതിര്‍ന്ന പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആള്‍മാറാട്ടം നടത്തിയെന്ന കുറ്റാരോപണ വിധേയനായ ബിഎസ്എഫ് പൈലറ്റ് സര്‍വീസില്‍ നിന്നു രാജിവെച്ചു. ക്രിമിനല്‍ നടപടികള്‍ നേരിടുന്ന വിങ് കമാന്‍ഡര്‍ ജെ എസ് സംഗ്വാന്‍ ആണ് രാജി നല്‍കിയത്. സെപ്തംബറില്‍ രാജി നല്‍കിയിരുന്നെങ്കിലും വകുപ്പു തല അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ അതു സ്വീകരിച്ചിരുന്നില്ലെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഒരു മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സംഗ്വാന്‍ ബിഎസ്എഫിന്റെ വ്യോമ വിഭാഗത്തിലാണ് സേവനം ചെയ്യുന്നത്.
അമിത് ഷായുടെ വിമാന യാത്രകള്‍ ഒരുക്കുന്ന പ്രമുഖ എന്‍ജിനീയറിങ് കമ്പനിയായ എല്‍ ആന്റ് ടിക്ക് ബിഎസ്എഫില്‍ നിന്ന് ലഭിച്ച ഈ മെയിലുകളാണ് സംഗ്വാന്റെ ആള്‍മാറാട്ടം പുറത്തു കൊണ്ടു വന്നത്. അമിത് ഷായുടെ വിമാനം പറത്താന്‍ സംഗ്വാന് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിരവധി തവണ എല്‍ ആന്റ് ടിക്ക് ഇ മെയില്‍ ലഭിച്ചിരുന്നു. സംഗ്വാന് 4000 മണിക്കൂര്‍ വിമാനം പറത്തി അനുഭവമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ഇ മെയില്‍ എല്‍ ആന്റ് ടി കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കള്ളി പുറത്തായത്. ഇദ്ദേഹം വിമാനം പറത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എല്‍ ആന്റ് ടി ബിഎസ്എഫിനെ ബന്ധപ്പെട്ടപ്പോഴായിരുന്നു ഇത്. ഇതു സംബന്ധിച്ച് എയര്‍പോര്‍ട് പോലീസിന് പരാതി നല്‍കിയിരുന്നു. ബിഎസ്എഫ് ആഭ്യന്തര അന്വേഷണവും നടത്തിവരികയാണ്.