ശംലി- ഉത്തര്‍ പ്രദേശിലെ ശംലി ജില്ലയില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കള്‍ ഒരു കുരങ്ങിനെ വെടിവച്ചു കൊന്നതിനെ ചൊല്ലി വര്‍ഗീയ സംഘര്‍ഷാവസ്ഥ. സംഭവത്തില്‍ കേസെടുത്തെങ്കിലും കുറ്റം ചെയ്ത യുവാക്കള്‍ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദള്‍ രംഗത്തു വന്നതോടെയാണ് സംഭവത്തിന് വര്‍ഗീയ മാനം കൈവന്നത്. ഹനുമാന്റെ അവതാരമായാണ് ഹിന്ദു വിശ്വാസികള്‍ കുരങ്ങിനെ കാണുന്നത്.
ആസിഫ്, ഹാഫിസ്, അനീസ് എന്നീ സഹോദരങ്ങള്‍ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് കുരങ്ങിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കൈരാന പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. ഇവരുടെ കുടുംബത്തിന് നാല് ആയുധ ലൈസന്‍സുകളുണ്ടെന്നും പോലീസ് പറഞ്ഞു. പിറകില്‍ നിന്ന് വെടിയേറ്റ കുരങ്ങ് ഉടന്‍ തന്നെ കൊല്ലപ്പെട്ടിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ആറു മാസം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തില്ലെന്നാരോപിച്ചാണ് ബജ്‌റംഗ് ദള്‍ പ്രതിഷേധം.
പ്രദേശത്തെ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങല്‍ സംഘടിപ്പിച്ചപ്പോള്‍ നിരവധി നാട്ടുകാരും കൂടെചേര്‍ന്നു. "ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യുവാക്കളാണ് കുരങ്ങിനെ ക്രൂരമായി കൊന്നത്. അവര്‍ അപകീര്‍ത്തിപരമായ പരാമര്‍ശവും നടത്തി. അവരെ ഉടന്‍ അറസറ്റ് ചെയ്യുകയും ആയുധ ലൈന്‍സസ് പിന്‍വലിക്കുകയും വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന്" ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റ് സണ്ണി സരോഹ പറഞ്ഞു.