ന്യൂദൽഹി- മൂന്നുവർഷം മുമ്പ് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽനിന്ന് കാണാതായ നജീബിനെ തേടി അദ്ദേഹത്തിന്റെ ഉമ്മ ഫാത്തിമ നഫീസ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടുപടിക്കലെത്തുന്നു. ഈ മാസം പതിനഞ്ചിന് അമിത് ഷായുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഫാത്തിമ നഫീസ് അറിയിച്ചു. 2016 ഒക്ടോബറിലാണ് നജീബിനെ കാണാതായത്. ഇവർക്കൊപ്പം ബുലന്ദ് ഷഹറിൽ ഹിന്ദുത്വ ഭീകരർ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജനി സിംഗും അമിത് ഷായുടെ വീട്ടുപടിക്കലേക്കുള്ള റാലിയിൽ അണിചേരും. യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ്(യു.എ.എച്ച്) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മാർച്ച്. ഇവർക്ക് പുറമെ, ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ അൻസാരിയുടെ ഭാര്യ തബ്രീസ് അൻസാരി, ഹിന്ദുത്വ ഭീകരർ വെടിവെച്ചുകൊന്ന ഗൗരി ലങ്കേഷിന്റെ മകൾ എന്നിവരും റാലിയിൽ പങ്കെടുക്കും. തന്റെ സമ്പാദ്യം മുഴുവൻ മകനെ കണ്ടെത്താനുള്ള മാർഗത്തിൽ ചെലവിട്ടെന്ന് ഫാത്തിമ നഫീസ് പറഞ്ഞു. പോലീസ് തന്നെ ആദ്യദിവസം മുതൽ ചതിക്കുകയാണെന്നും അവർ വ്യക്തമാക്കി. മകൻ ഐ.എസിൽ ചേർന്നുവെന്നതടക്കം കല്ലുവെച്ച നുണകൾ പടച്ചുവിട്ട് അപമാനിക്കാനാണ് ബി.ജെ.പി നേതാവ് കപിൽ മിശ്രയടക്കം ശ്രമിച്ചതെന്നും അവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.