Sorry, you need to enable JavaScript to visit this website.

സൈന്യത്തിന്റെ പീഡനത്തില്‍ സഹികെട്ടു; സേന വിടുന്നുവെന്ന് പാക് പിടിയില്‍ നിന്ന് രക്ഷപ്പെട്ട ജവാന്‍

ന്യൂദല്‍ഹി- സൈന്യത്തില്‍ തുടര്‍ച്ചയായ പീഡനത്തില്‍ സഹികെട്ട് സേന വിടുന്നുവെന്ന് ജവാന്‍. 2016ല്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത ചന്ദു ചവാന്‍ ആണ് കര സേനയില്‍ നിന്ന് രാജി പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ ശേഷം സംശയ കണ്ണോടെയാണ് തന്നെ നോക്കുന്നതെന്നും തുടര്‍ച്ചായയി സൈന്യത്തില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നതായും ജവാന്‍ പറയുന്നു. അഹ്മദ് നഗറിലെ കരസേനാ യൂണിറ്റ് കമാന്‍ഡര്‍ക്കാണ് ചന്ദു ചവാന്‍ രാജി സമര്‍പ്പിച്ചത്. പാക് സേനയുടെ പിടിയില്‍ കടുത്ത പീഡനമേറ്റുവാങ്ങിയ ചന്ദു ചവാനെ നാലു മാസത്തിനു ശേഷമാണ് ഇന്ത്യയ്ക്കു കൈമാറിയത്. കഴിഞ്ഞ മാസം റോഡപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍  ചികിത്സയിലാണ് ചന്ദു ചവാന്‍. ബൈക്കപടകത്തില്‍ മുഖത്തിനും തലയോട്ടിക്കും ഗുരുതര പരിക്കേറ്റിരുന്നു.

അതേസമയം ജവാന്റെ ആരോപണം സൈന്യം നിഷേധിച്ചു. ചന്ദു ചവാന്‍ സേനയില്‍ അച്ചടക്ക ലംഘനത്തിന് അഞ്ചു തവണ നടപടി നേരിട്ടയാളാണെന്നും വിവിധ കുറ്റങ്ങള്‍ക്ക് നടപടി നേരിടുന്നുണ്ടെന്നും സൈന്യം പറയുന്നു. അച്ചടക്ക നടപടി തുടങ്ങിയതിനു പിന്നാലെ യൂണിറ്റില്‍ നിന്നും ചന്ദു ചവാന്‍ മുങ്ങിയതാണെന്നും സേന പറയുന്നു. ഒക്ടോബര്‍ മൂന്ന് മുതല്‍ ഈ ജവാന്‍ സേനയില്‍ ഹാജരില്ലെന്നും നിരന്തരം കൗണ്‍സിലിങ് നടത്തിയിട്ടും ചവാന്റെ പ്രതികൂല സമീപനം കാരണം മുന്‍ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ലെന്നും സേന പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച് ചട്ടം ലംഘിച്ചതായി മാധ്യമ റിപോര്‍ട്ടുകളുണ്ടായിരുന്നെന്നും സേന ചൂണ്ടിക്കാട്ടുന്നു.
 

Latest News