വാഷിംഗ്ടണ്‍- ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്ന് യുഎസ് സെനറ്റര്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ ക്രിസ് വാന്‍ ഹോളനാണ് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി താഴ് വര സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് ഹോളന്റെ വാദം. ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് സെനറ്റര്‍ ഇന്ത്യന്‍ അധികൃതര്‍ അനുമതി നിഷേധിച്ച വിവരം വെളിപ്പെടുത്തിയത്. കശ്മീര്‍ സന്ദര്‍ശിക്കാനുള്ള ശരിയായ സമയം ഇതല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചെന്നും അദ്ദേഹം പറയുന്നു. സന്ദര്‍ശനത്തിന്റെ ലക്ഷ്യം കശ്മീര്‍ കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. എന്നാല്‍ കശ്മീരില്‍ എന്ത് സംഭവിക്കുന്നുവെന്ന് കാണരുതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യം. ഇപ്പോഴും കശ്മീരില്‍ ആശയവിനിമയത്തിന് നിയന്ത്രണം തുടരുകയാണെന്നും യുഎസ് സെനറ്റര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ സംസ്ഥാനത്തേക്ക് ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് ഭയക്കേണ്ടതില്ലെന്നും സെനറ്ററെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.