ലഖ്‌നൗ/മുംബൈ- മുംബൈയിലെ ആരേ കോളനി പ്രദേശത്ത് മരങ്ങള്‍ വെട്ടിയ അധികൃതരുടെ നടപടിയെ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ന്യായീകരിച്ചു. മെട്രോ നിര്‍മാണത്തിനായി ദല്‍ഹിയിലും ഇതുപോലെ ചെയ്തിരുന്നതാണെന്ന് മന്ത്രി പറഞ്ഞു.
കോളനിയിലെ മരം മുറിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പരിസ്ഥിതി മന്ത്രിയുടെ ന്യായീകരണം.
മരങ്ങള്‍ മുറിക്കുന്നതില്‍നിന്ന് അധികൃതരെ തടയാന്‍ ശ്രമിച്ചതിന് 29 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശത്ത് 144 പ്രഖ്യാപിച്ച പോലീസ് ആരേയിലും പരിസരത്തും നിയമവിരുദ്ധമായി സമ്മേളിക്കുന്നത് വിലക്കിയിട്ടുമുണ്ട്.
മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വെള്ളിയാഴ്ച രാത്രിയാണ് മരങ്ങള്‍ മുറിക്കാന്‍ ആരംഭിച്ചത്. 2,646 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയത് ചോദ്യം ചെയ്ത് സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമര്‍പ്പിച്ച നാല് ഹരജികള്‍ ബോംബെ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണിത്.
ബോംബെ ഹൈക്കോടതി വിധി പ്രകാരം ആരേ കോളനി വനമേഖലയല്ലെന്ന് ലഖ്‌നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ജാവദേക്കര്‍ പറഞ്ഞു. ദല്‍ഹിയില്‍ ആദ്യ മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് 20 മുതല്‍ 25 വരെ മരങ്ങള്‍ വെട്ടേണ്ട ആവശ്യമുണ്ടായിരുന്നു. പരിസ്ഥതി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നുവെങ്കിലും മുറിച്ച ഓരോ വൃക്ഷത്തിനും അഞ്ച് തൈകള്‍ നട്ടു.
ദല്‍ഹിയിലെ വനവിസ്തൃതി വര്‍ധിച്ചുവെന്നും അതോടൊപ്പം പൊതുഗതാഗത സംവിധാനവും മെച്ചപ്പെട്ടുവെന്നും മന്ത്രി അവകാശപ്പെട്ടു. ഇതാണ് പരിസ്ഥിതി സംരക്ഷണത്തോടെയുള്ള വികസനമന്ത്രമെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു.
മെട്രോക്ക് വേണ്ടി മുറിച്ച ഓരോ വൃക്ഷത്തിനും പകരം അഞ്ച് മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇപ്പോള്‍ ദല്‍ഹി മെട്രോക്ക് 271 സ്‌റ്റേഷനുകളുണ്ട്. തലസ്ഥാനത്തെ വന മേഖല വര്‍ധിക്കുകയും ചെയ്തു. 30 ലക്ഷം ആളുകളാണ് പൊതുഗതാഗതത്തിനായി മെട്രോ ഉപയോഗിക്കുന്നത്.
അതിനിടെ, പരിസ്ഥിതി പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും വകവെക്കാതെ ആരോ കോളനിയില്‍നിന്ന് 200 ഓളം മരങ്ങള്‍ വെട്ടിമാറ്റി. ഒക്ടോബര്‍ 10 ന് മുമ്പ് ജോലി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ മുമ്പാകെ മുംബൈ മെട്രോ കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു.
അനധികൃതമായി മരങ്ങള്‍ മുറിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ മെട്രോ മാനേജിംഗ് ഡയറക്ടര്‍ അശ്വിനി ഭൈഡ് തള്ളി. ഇതിനായുള്ള ഉത്തരവ് 15 ദിവസം മുമ്പുതന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്നും അത് ചെയ്തിട്ടില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇത് തെറ്റായ പ്രചരണമാണെന്ന് ഭൈഡ് ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
തികച്ചും അടിസ്ഥാനരഹിതമായ പ്രചാരണമാണിത്. ട്രീ അതോറിറ്റി ഉത്തരവ് സെപ്റ്റംബര്‍ 19 ന് പുറപ്പെടുവിച്ചിരുന്നുവെന്നും സെപ്റ്റംബര്‍ 28 ന് 15 ദിവസം കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി വിധി വരുന്നതുവരെ കാത്തിരിക്കുകയായിരുന്നു.
ബോംബെ ഹൈക്കോടതി വിധി വന്നതിനുശേഷവും തങ്ങളാണ് ജുഡീഷ്യറിയെക്കാള്‍ ശ്രേഷ്ഠരെന്ന് ചിലര്‍ കരുതുന്നുണ്ട്. കോടതിയില്‍ പരാജയപ്പെട്ടാല്‍ തെരുവിലിറങ്ങാതെ മാന്യമായി സ്വീകരിക്കുകയാണ് വേണ്ടിയിരുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.