ബാങ്കോക്ക്- നിറഞ്ഞു നിന്ന കോടതി മുറിയില്‍ ജഡ്ജിയുടെ നാടകീയ ആത്മഹത്യാ ശ്രമം. തായ്‌ലാന്‍ഡിലാണ് സംഭവം. കൊലക്കേസില്‍ പങ്കുണ്ടെന്ന സംശയത്തില്‍ പിടികൂടിയ പ്രതികളെ വെറുതെ വിട്ടു വിധി പറഞ്ഞ ശേഷം രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ അനീതിയെ കുറിച്ച് പ്രസംഗം നടത്തിയ ശേഷമാണ് ജഡ്ജി സ്വയം നെഞ്ചിലേക്കു വെടിവച്ചത്്. പ്രസംഗം ജഡ്ജി ഫേസ്ബുക്കില്‍ ലൈവ് നല്‍കുകയും ചെയ്തിരുന്നു. തെക്കന്‍ തായ്‌ലാന്‍ഡിലെ യാല കോടതിയില്‍ കനകോണ്‍ പിയാന്‍ചനയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഒരു കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അഞ്ചു മുസ്ലിംകളെ വെറുതെ വിട്ടുകൊണ്ട് വിധി പറഞ്ഞ ശേഷമായിരുന്നു ഇത്.
സമ്പന്നര്‍ക്കും ശക്തര്‍ക്കും അനുകൂലമായി വിധി പറയുകയും സാധാരണക്കാര്‍ക്ക് ചെറിയ കുറ്റങ്ങള്‍ക്കു പോലും കനത്ത ശിക്ഷയും വിധിക്കുന്ന തായ്‌ലാന്‍ഡിലെ കോടതികളുടെ രീതി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ സംവിധാനത്തെ ഒരു ജഡ്ജി തന്നെ വിമര്‍ശിക്കുന്നത് ഇത് ആദ്യമായാണ്. രാജ്യത്ത് സംശുദ്ധമായ ഒരു നീതി ന്യായ വ്യവസ്ഥയാണ് വേണ്ടതെന്ന് പ്രസംഗത്തില്‍ ജഡ്ജി ഊന്നിപ്പറഞ്ഞു. പ്രതികളെല്ലാം കുറ്റം ചെയ്തിട്ടില്ലെന്ന ഞാന്‍ പറഞ്ഞത്. അവര്‍ ചെയ്തിട്ടുണ്ടാകാം. എന്നാല്‍ ഒരു നീതിന്യായ നടപടിക്ക് സുതാര്യതയും വിശ്വാസ്യതയും അത്യാവശ്യമാണ്. ആളുകളെ തെറ്റായി ശിക്ഷിക്കുന്നത് അവരെ ബലിയാക്കുന്നതിന് തുല്യമാണ്- ജഡ്ജി പറഞ്ഞു.
വെടിയോടെ ഫേസ്ബുക്ക് ലൈവ നിലച്ചു. എന്നാല്‍ വെടിവെക്കുന്നതിന് മുമ്പ് മുന്‍ തായ് രാജാവിന്റെ ചിത്രത്തിനു മുന്നില്‍ ജഡ്ജി നിയമ പ്രതിജ്ഞ ചൊല്ലിയതായി ഒരു ദൃക്‌സാക്ഷി പറയുന്നു. ആശുപത്രിയിലേക്കു മാറ്റിയ ജഡ്ജി അപകടനില തരണം ചെയ്‌തെന്നാണ് ഔദ്യോഗിക വിവരം. വ്യക്തിപരമായ മനസംഘര്‍ഷം കാരണമാണ് ജഡ്ജി സ്വയം വെടിവച്ചതെന്നും എന്നാല്‍ മനസംഘര്‍ഷത്തിനു കാരണമെന്തെന്നു വ്യക്തമല്ലെന്നും അന്വേഷിക്കുമെന്നും കോടതി വക്താവ് സുരിയന്‍ ഹോങ്‌വിലയ് പറഞ്ഞു.
ജഡ്ജി കുറ്റവിമുക്തരാക്കിയ പ്രതികളെ ശിക്ഷിക്കാന്‍ മതിയായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ലെന്നാണ് കോടതി പറഞ്ഞതെന്ന് പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. മലായ മുസ്ലിം ഭൂരിപക്ഷമുള്ള തെക്കന്‍ തായ്‌ലാന്‍ഡിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. ഇവിടെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംഘര്‍ഷങ്ങളില്‍ ഏഴായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഈ കേസുകളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനാളുകള്‍ ജയിലിലാണ്.