ലണ്ടന്‍- തന്റെ മാതാവിന്റെ മരണത്തിലേയ്ക്ക് നയിച്ച പാപ്പരാസികളുടെ ശല്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഹാരി രാജകുമാരന്‍ പത്രങ്ങള്‍ക്കെതിരെ നിയമ യുദ്ധം തുടങ്ങി. തന്റെ വോയിസ് മെയില്‍ ഹാക്ക് ചെയ്തു എന്നാരോപിച്ചു സണ്‍, മിറര്‍ പത്രങ്ങള്‍ക്കെതിരെ ഹാരി രാജകുമാരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇക്കാര്യം ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. 'വോയ്‌സ്‌മെയില്‍ സന്ദേശങ്ങള്‍ നിയമവിരുദ്ധമായി തടസ്സപ്പെടുത്തിയത്' സംബന്ധിച്ച് ഹാരി പരാതി സമര്‍പ്പിച്ചതായി വ്യക്തമാക്കിയ കൊട്ടാരം ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല. കോടതി രേഖകള്‍ പ്രകാരം, ഹാരിയുടെ അഭിഭാഷകരായ ക്ലിന്റണ്‍സ് എല്‍എല്‍പി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ചയാണ് ഹര്‍ജി ഉന്നയിച്ചത് അതായത് ഭാര്യ മേഗന്‍ നിയമനടപടി സ്വീകരിക്കുന്നതിന് രണ്ട് ദിവസം മുമ്പ്. അകന്ന് കഴിയുന്ന പിതാവ് തോമസ് മാര്‍ക്കിളിന് അയച്ച കത്ത് പുറത്തുവിട്ടതായിരുന്നു മെഗാന്റെ പരാതി
അമ്മ ഡയാനയെ വേട്ടയാടിയ അതേ ശക്തികള്‍ക്ക് മേഗനും ഇരയാകുമെന്ന ഭയം പങ്കുവച്ചു പ്രസ്താവന ഇറക്കിയതിന് ശേഷമാണ് ഹാരിയുടെ നിയമപോരാട്ടം. മാധ്യമങ്ങള്‍ നിരന്തരമായ പ്രചാരണം, ഭീഷണിപ്പെടുത്തല്‍ എന്നിവ നടത്തുന്നെന്നാണ് ഹാരിയുടെ ആരോപണം.
ഹാരി മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്ന കൗമാരകാലത്ത് നിന്നുള്ളതാണ് പരാതികളെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരെ പരാതി നല്‍കിയെന്ന് ദി സണ്‍ ഉടമകളായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്‌പേപ്പേഴ്‌സ് വ്യക്തമാക്കി. ഡെയ്‌ലി മിറര്‍ ഉടമകളായ എംജിഎന്‍ ലിമിറ്റഡും വാര്‍ത്തകള്‍ സ്ഥിരീകരിച്ചു. 2011ല്‍ ഫോണ്‍ ഹാക്കിംഗ് ആരോപണങ്ങളെത്തുടര്‍ന്ന് ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം പൂട്ടിയ സമയത്ത് ഹാക്കിംഗിന് വിധേയരായ വ്യക്തികളില്‍ ഒരാള്‍ ഹാരി രാജകുമാരനായിരുന്നു. മുമ്പ് ഹാരിയുടെ ചേട്ടന്‍ വില്യം രാജകുമാരനും കെയ്റ്റ് മിഡില്‍ട്ടണും വിദേശത്തു ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ അതിന്റെ ചിത്രങ്ങള്‍ മറഞ്ഞിരുന്നെടുത്തു മാധ്യമങ്ങള്‍ ആഘോഷിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാപ്പരാസികള്‍ക്കെതിരെ വില്യമും കെയ്റ്റും നിയമപോരാട്ടം നടത്തിയിരുന്നു.