ന്യൂദൽഹി- നിയമസഭ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ ഹരിയാനയിൽ കോൺഗ്രസ് മുൻ നേതാവ് അശോക് തൻവാർ പാർട്ടി വിട്ടു. കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്‌നിന്ന് മാറ്റിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധക്ക് നാല് പേജ് വരുന്ന രാജിക്കത്തും അയച്ചു. ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായ ആഭ്യന്തര പ്രശ്‌നങ്ങളിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നതെന്നും പുറമെനിന്നുള്ള ശത്രുക്കളല്ല, അകത്തുനിന്നുള്ളവർ തന്നെയാണ് കോൺഗ്രസിന് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും രാജിക്കത്തിൽ അശോക് തൻവാർ ആരോപച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെക്കുന്നത് സംബന്ധിച്ച് കുറെയായി ആലോചിക്കുകയാണെന്നും എന്റെ പോരാട്ടം വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയെ ബാധിച്ചിരിക്കുന്ന നശീകരണ പ്രവണതക്കെതിരെയാണെന്നും തൻവാർ കത്തിൽ സൂചിപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് അനുവദിച്ചതിലെ ക്രമക്കേടിനെ പറ്റിയും അശോക് തൻവാർ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ഞായറാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലെത്തിയും അശോക് തൻവാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞമാസമാണ് കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ആവശ്യപ്രകാരം അശോക് തൻവാറിനെ മാറ്റി കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് അധ്യക്ഷയാക്കി പ്രഖ്യാപിച്ചത്. 2014-ലാണ് അശോക് തൻവാർ ഹരിയാന കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയത്. കഴിഞ്ഞദിവസം അദ്ദേഹത്തെ സംസ്ഥാനത്തെ കോൺഗ്രസ് പ്രചാരണത്തിലെ നക്ഷത്രപ്രചാരകനായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഈ മാസം 21നാണ് ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.