മുംബൈ-മുംബൈ മെട്രോയുടെ കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് തടയാന്‍ ശ്രമിച്ച നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആരേ കോളനിയിലെ മരങ്ങള്‍ മുറിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് 26 പരിസ്ഥിതി പ്രവര്‍ത്തകരെ വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
കോളനിയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കയാണ്. മെട്രോ കാര്‍ ഷെഡ് നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാന്‍ ബോംബെ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് മരം മുറിക്കാന്‍ ആരംഭിച്ചത്.
പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കോളനിക്ക് പുറത്ത് നിരവധി പരിസ്ഥിതി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരുന്നത്. കോളനിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് പരിസ്ഥിതി പ്രവര്‍ത്തകരേയും പ്രദേശവാസികളേയും പോലീസ് തടഞ്ഞിരുന്നു. ബുള്‍ഡോസറുകള്‍ എത്തിച്ച് രാത്രിയാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്.