Sorry, you need to enable JavaScript to visit this website.

കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങിയ യുഎസ് പാര്‍ലമെന്റ് അംഗത്തിന് ഇന്ത്യ അനുമതി നിഷേധിച്ചു

ന്യൂദല്‍ഹി- ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും യുഎസ് സെനറ്റ് അംഗവുമായ ക്രിസ് വാന്‍ ഹോളന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയില്ല. കശ്മീരിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിട്ടറിയാന്‍ അവിടെ സന്ദര്‍ശിക്കാനായിരുന്നു ശ്രമമെന്നും എന്നാല്‍ ഇന്ത്യ അനുമതി നിഷേധിച്ചെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ സന്ദര്‍ശനം അധികൃതര്‍ തടഞ്ഞെങ്കിലും ഹോളന്‍ ഇന്ത്യയിലെത്തി. ദല്‍ഹിയിലുള്ള അദ്ദേഹം ഉദ്യോഗസ്ഥരേയും മറ്റു പ്രമുഖരേയും കണ്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. 'കശ്മീരില്‍ എന്താണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് നേരിട്ടറിയാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. ഒരാഴ്ച മുമ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശനത്തിന് അനുയോജ്യമായ സമയമല്ല എന്നായിരുന്നു മറുപടി,' ഹോളന്‍ പറഞ്ഞു.

ഇന്ത്യയുമായും ഇവിടുത്തെ രാഷ്ട്രീയത്തേയും അടുത്തറിയുന്ന അപൂര്‍വം അമേരിക്കന്‍ നേതാക്കളില്‍ ഒരാളാണ് ക്രിസ് വാന്‍ ഹോളന്‍. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ഹോളന്റെ ജനനം. തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും സ്‌കൂള്‍ പഠനം നടത്തിയിട്ടുണ്ട്. അച്ഛന്‍ ശ്രീലങ്കയില്‍ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയിലൂടനീളം സഞ്ചരിച്ചിട്ടുള്ള ഹോളന്‍ ഇതുവരെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ല.

കശ്മീരിലെ സാഹചര്യങ്ങള്‍ നേരിട്ടു ചെന്ന് അറിയുക എന്നായിരുന്നു ലക്ഷ്യം. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതില്‍ ഭയക്കേണ്ടതില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. എന്താണ് അവിടെ നടക്കുന്നതെന്ന് നാം അറിയേണ്ട എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്- ഹോളന്‍ പറഞ്ഞു.

ഇന്ത്യയോട് എനിക്ക് ആഴത്തിലുള്ള അടുപ്പമാണുള്ളത്. ഇന്ത്യ-യുഎസ് ബന്ധത്തെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും മൂല്യങ്ങള്‍ പങ്കിടുന്നതിനെ കുറിച്ച് ഏറെ സംസാരിക്കുന്നുണ്ട്. ഇവിടെയാണ് സുതാര്യത വളരെ പ്രധാനമായ ഒന്നാകുന്നത്. കശ്മീരിലെ മാനവിക പ്രതിസന്ധിയെ കുറിച്ചും ആശയവിനിമയ സംവിധാനങ്ങല്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന യുഎസ് സെനറ്റ് സമിതിയുടെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News