ന്യൂദല്‍ഹി- കശ്മീര്‍ വിഷയത്തില്‍ യു.എന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയേയും മലേഷ്യയേയും ഇന്ത്യ അപലപിച്ചു. ഇരു രാജ്യങ്ങളും പക്ഷപാതപരമായാണ് പെരുമാറിയതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ആരോപിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദും കശ്മീരിലെ യഥാര്‍ഥ സ്ഥിതിഗതികള്‍ മനസ്സിലാക്കാതെയാണ് നിലപാട് കൈക്കൊണ്ടതെന്നും ഇത്തരം പരാമര്‍ശങ്ങളില്‍നിന്ന് ഇരു നേതാക്കളും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.എന്‍ പ്രമേയങ്ങള്‍ അവഗണിച്ച ഇന്ത്യ കശ്മീരില്‍ അധിനിവേശം നടത്തുകയാണ് ചെയ്തിരിക്കുന്നതെന്നും കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും ഇന്ത്യയുടെ നടപടി തെറ്റാണെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് 74ാമത് യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും യു.എന്‍ പ്രമേയങ്ങളെ അവഗണിക്കുന്നത് യു.എന്നിനെയും നിയമവാഴ്ചയെയും അവഗണിക്കുന്നതിലേക്ക് നയിക്കുമെന്നും മഹാതീര്‍ പറഞ്ഞിരുന്നു.
മറ്റെല്ലാ നാട്ടുരാജ്യങ്ങളെയും പോലെ ജമ്മു കശ്മീരും ഇന്ത്യയില്‍ ചേരാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നുവെന്നും പാക്കിസ്ഥാന്‍ നിയമവിരുദ്ധമായി കൈയേറുകയാണുണ്ടാതെന്നും മഹാതീറിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് രവീഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദബന്ധം മലേഷ്യന്‍ സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ഇത്തരം പ്രസ്താവനകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എന്‍ പ്രമേയങ്ങളുണ്ടായിട്ടും കശ്മീരില്‍ എട്ട് ദശലക്ഷം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. കശ്മീര്‍ പ്രശ്‌നം സംഭാഷണത്തിലൂടെ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം ഈ വിഷയത്തില്‍ ശ്രദ്ധ ചെലുത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കശ്മീര്‍ തികച്ചും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും സ്ഥിതിഗതികള്‍ മനസ്സിലാക്കി വേണം തുര്‍ക്കി സര്‍ക്കാര്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്താനെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.