റിയാദ് - തൊഴിൽ സ്ഥലങ്ങളിലെ അതിക്രമങ്ങളിൽനിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകാരം നൽകി. വ്യക്തികളുടെ സ്വകാര്യതയും മാനവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ മാസം 20 മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.
തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതും ആകർഷമാക്കി മാറ്റുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ലക്ഷ്യമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. തൊഴിൽ നിയമത്തിന്റെയും പീഡന വിരുദ്ധ നിയമത്തിന്റെയും ഈ മേഖലയിൽ പീഡനങ്ങളും അക്രമങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ധാരണകളുടെയും തത്വങ്ങളിൽ ഊന്നിയാണ് ജീവനക്കാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥകൾക്ക് രൂപം നൽകിയത്. സ്വകാര്യ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ച് അവരുടെ അഭിപ്രായങ്ങളും കൂടി പരിഗണിച്ചിരുന്നു. കരടു വ്യവസ്ഥകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തി പൊതുസമൂഹത്തിനും മറ്റു ബന്ധപ്പെട്ടവർക്കും വിദഗ്ധർക്കും അഭിപ്രായ നിർദേശങ്ങൾ പ്രകടിപ്പിക്കുന്നതിനും മന്ത്രാലയം അവസരമൊരുക്കിയിരുന്നു.
പെരുമാറ്റ ദൂഷ്യങ്ങളിൽനിന്നും അതിക്രമങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള വ്യവസ്ഥകൾ, അതിക്രമങ്ങൾ തടയുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ, തൊഴിലിടങ്ങളിലെ അതിക്രമങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെല്ലാം പുതിയ തീരുമാനം വ്യക്തമാക്കുന്നു. എല്ലാവിധ ചൂഷണങ്ങളും ഭീഷണികളും അതിക്രമങ്ങളും ബ്ലാക്ക്മെയിലിംഗുകളും വശീകരിക്കലുകളും വാക്കേറ്റങ്ങളും തെറിവിളിക്കലും അധിക്ഷേപങ്ങളും സഭ്യതക്ക് നിരക്കാത്ത പ്രവർത്തനങ്ങളും എതിർ ലിംഗത്തിൽ പെട്ടയാളുമായി ഒറ്റക്കാകുന്ന സാഹചര്യം കരുതിക്കൂട്ടിയുണ്ടാക്കലും വിവേചനങ്ങളും തൊഴിലിടങ്ങളിലെ അതിക്രമങ്ങളായി പരിഗണിക്കും. ഡ്യൂട്ടി സമയത്തും ജോലി സമയത്തല്ലാത്തപ്പോഴും ജോലിയുടെ കാരണമായി തൊഴിലാളികൾക്കിടയിലുണ്ടാകുന്ന അതിക്രമങ്ങളിൽ നിന്നും വ്യവസ്ഥകൾ സംരക്ഷണം നൽകുന്നതായി ഖാലിദ് അബൽഖൈൽ പറഞ്ഞു.