റിയാദ് - വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സമയത്തിൽ സൗദിയ മാറ്റം വരുത്തുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സമയം ഏകീകരിക്കാനും സൗദിയ തീരുമാനിച്ചു. സർവീസുകൾക്ക് കാലതാമസം നേരിടുന്നത് തടയാനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇതുവഴി ശ്രമം.
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ ലഗേജുകൾ സ്വീകരിച്ച് ബോർഡിംഗ് പാസുകൾ അനുവദിക്കുന്ന കൗണ്ടറുകൾ വിമാന സമയത്തിന്റെ ഒരു മണിക്കൂർ മുമ്പ് അടക്കുമെന്ന് സൗദിയ അറിയിച്ചു. യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റിവിടുന്ന (എംബാർക്കേഷൻ) കവാടങ്ങൾ ഫ്ളൈറ്റ് സമയത്തിന്റെ ഇരുപത് മിനിറ്റു മുമ്പും അടക്കും.
ഏതെങ്കിലും യാത്രക്കാർക്ക് നിശ്ചിത സമയത്ത് സൗദിയ കൗണ്ടറുകളിലോ എംബാർക്കേഷൻ കവാടത്തിലോ എത്താൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ യാത്രക്കാരെ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിന് സൗദിയ സ്റ്റേഷൻ മാനേജർക്ക് അവകാശമുണ്ടാകും. ഷെഡ്യൂൾ പ്രകാരമുള്ള ഡിപ്പാർച്ചർ സമയത്തെ ബാധിക്കാത്ത നിലക്കായിരിക്കണം സ്റ്റേഷൻ മാനേജർ തീരുമാനമെടുക്കേണ്ടത്. പുതിയ വ്യവസ്ഥകൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന തീയതി ഉടൻ അറിയിക്കുമെന്ന് സൗദിയ പറഞ്ഞു.