റിയാദ്- ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവൃത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്ന പുതിയ തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി പ്രഖ്യാപിച്ചു.
രാത്രി പതിനൊന്നു മുതൽ രാവിലെ ആറു വരെയുള്ള സമയമാണ് രാത്രി തൊഴിൽ സമയമായി കണക്കാക്കുന്നത്. രാത്രി ജോലി ആരോഗ്യത്തിന് ഹാനികരമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കുന്ന തൊഴിലാളികളെ രാത്രി ഷിഫ്റ്റിൽ ജോലിക്കു വെക്കുന്നത് വിലക്കി.
പ്രസവം നടന്ന് ചുരുങ്ങിയത് 24 ആഴ്ച പിന്നിടുന്നതു വരെ വനിതാ ജീവനക്കാരെ രാത്രി ഷിഫ്റ്റിൽ നിയമിക്കാൻ വിലക്കുണ്ട്. കൂടുതൽ വിശ്രമം ആവശ്യമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കുന്ന പക്ഷം പ്രസവം നടന്ന് 24 ആഴ്ച പിന്നിട്ടാലും വനിതകളെ ജോലിക്കു വെക്കാൻ പാടില്ല. രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾക്ക് എളുപ്പത്തിൽ ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ തൊഴിലുടമകൾ നിർബന്ധമായും ഏർപ്പെടുത്തണം.
ഗതാഗത സൗകര്യം ലഭ്യമല്ലാത്ത പക്ഷം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഗതാഗത അലവൻസ് നൽകുകയോ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയോ വേണം. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്കും മറ്റു ജീവനക്കാരെ പോലെ സ്ഥാനക്കയറ്റത്തിലും പരിശീലനങ്ങളിലും മറ്റും തുല്യ അവസരവും അവകാശങ്ങളും ഉറപ്പുവരുത്തണം.
രാത്രി ഷിഫ്റ്റിൽ മൂന്നു മാസം പൂർത്തിയാക്കിയ ശേഷവും രാത്രി ഷിഫ്റ്റിലെ ജോലിയിൽ തന്നെ തൊഴിലാളികളെ നിയമിക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം തൊഴിലാളികളിൽ നിന്ന് ഇതിന് രേഖാമൂലം സമ്മതം വാങ്ങിയിരിക്കണം.
ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിൽ വരും. വ്യാപാര സ്ഥാപനങ്ങൾ ഇരുപത്തിനാലു മണിക്കൂറും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിന്റെ തീരുമാനവും ജനുവരി ഒന്നു മുതൽ നിലവിൽവരും.