ന്യൂയോര്‍ക്ക്- കാട്ടിലെ ഏറ്റവും ക്രൂരനായ മൃഗങ്ങളില്‍ ഒന്നാണ് സിംഹം. സിംഹത്തിന്റെ മടയില്‍ അകപ്പെട്ടാല്‍ പിന്നെ എല്ലുപോലും തിരിച്ചുകിട്ടില്ല എന്നതാണ് സത്യം. എന്നാല്‍ സിംഹത്തിന്റെ മുന്നില്‍ നിന്ന് കോപ്രായം കാണിക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് പാര്‍ക്കിലുള്ള മൃഗശാലയിലാണ് പേടിപ്പെടുത്തുന്ന ഈ സംഭവം നടന്നത്.
ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച മേഖലയിലേക്ക് യുവതി സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ചാടിക്കയറുകായിരുന്നു. തുടര്‍ന്ന് സിംഹത്തെ വിളിക്കുന്നതും പാട്ടു പാടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. സിംഹം ആദ്യം യുവതിയെത്തന്നെ തുറിച്ചുനോക്കുകയും തുടര്‍ന്ന് മുഖം മാറ്റുന്നതും കാണാം. വീണ്ടും വീണ്ടും യുവതി സിംഹത്തെ വിളിക്കുന്നുണ്ട്. പതിനാലടി മാത്രമായിരുന്നു സിംഹവും യുവതിയും തമ്മിലുള്ള ദൂരം. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ യുവതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധികൃതര്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.