വാഷിങ്ടണ്‍- കാലിഫോര്‍ണിയയിലെ സാന്റാ ക്രൂസിലെ വീട്ടില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ വംശജനായ ടെക്ക് കമ്പനി ഉടമയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്നു. അട്രെനെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി ഉടമയായ തുശാര്‍ അത്രെ (50) മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് വീട്ടില്‍ അതിക്രമിച്ചെത്തിയ സംഘം തുശാറിനെ തട്ടിക്കൊണ്ടു പോയത്. ഗേള്‍ഫ്രണ്ടിന്റെ ബിഎംഡബ്ല്യു കാറിലേക്ക് കയറുന്നതായാണ് തുശാറിനെ അവസാനമായി കണ്ടതെന്ന് സാന്റാ ക്രൂസ് ഷെറിഫ് ഓഫീസ് അറിയിച്ചു. ഈ കാര്‍ പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി. കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തുശാറിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചെത്തി ഗേള്‍ഫ്രണ്ടിന്റെ കാറില്‍ തുശാറിനെ തട്ടിക്കൊണ്ടു പോകുമ്പോള്‍ വീട്ടില്‍ നിരവധി പേര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഇവരാണ് അടിയന്തിര സഹായം തേടി പോലീസിനെ വിളിച്ചത്.
തട്ടിക്കൊണ്ടു പോകലിനു പിന്നില്‍ കഞ്ചാവ് മാഫിയക്ക് ബന്ധമുള്ളതായും സംശയിക്കുന്നുണ്ട്. മാര്‍ക്കറ്റിങ് കമ്പനിക്കു പുറമെ തുശാര്‍ ഒരു വര്‍ഷം മുമ്പ് കഞ്ചാവ് ഫാക്ടറിയും തുറന്നിരുന്നു. ലൈസന്‍സുള്ള കഞ്ചാവ് ഉല്‍പ്പന്ന നിര്‍മാണം നടത്തിവരികയായിരുന്നു ഈ കമ്പനി. ഈ വ്യവസായ രംഗത്ത് തുശാര്‍ പുതുമുഖമായിരുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയിലെ രീതികളെ കുറിച്ച് തുശാറിന് വലിയ ധാരണയുണ്ടായിരുന്നില്ല. ഈ രംഗത്ത് നിയമ വിരുദ്ധമായവിപണി ഘടകങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ അരുതാത്തത് സംഭവിക്കാം- കാനാക്രൂസ് എന്ന കഞ്ചാവ് ഉല്‍പ്പന്ന കമ്പനി സിഇഒ ഗ്രാന്റ് പാമര്‍ പറയുന്നു. ബിസിനസ് ഇടപാടിലെ ശത്രുക്കളാകാം ഈ സംഭവത്തിനു പിന്നിലെന്നും സംശയമുണ്ട്. മരണ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.