ശ്രീനഗര്‍- ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ ഓരോരുത്തരായി വിട്ടയക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. കൃത്യമായ വിശകലനത്തിനുശേഷമായിരിക്കും ഓരോരുത്തരെയായി മോചിപ്പിക്കുകയെന്ന്
കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവ് ഫാറൂഖ് ഖാന്‍ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുന്നതിന് ഒരു ദിവസം മുമ്പാണ് മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കിയിരുന്നത്.
സംസ്ഥാനത്ത് ഭീകരാക്രമണ ഭീഷണിയില്ലെന്നും പോലീസിന്റേയും അര്‍ധസേനാ വിഭാഗങ്ങളുടേയും വര്‍ധിച്ച സാന്നിധ്യ മുന്‍കരുതലിന്റെ ഭാഗമാണെന്നും ഗവര്‍ണറുടെ വക്താവ് ചോദ്യത്തിനു മറുപടി നല്‍കി.
പോലീസ്, ആര്‍മി, ബി.എസ്.എഫ് എന്നിവയുള്‍പ്പെടെ എല്ലാ സേനകളും ജാഗ്രത പാലിക്കുന്നുണ്ടെന്നും തീവ്രവാദികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ ഇനിയും പഠിപ്പിക്കുമെന്നും പാക്കിസ്ഥാന്റെ നിരന്തരമായ വെടിനിര്‍ത്തല്‍ ലംഘനത്തെക്കുറിച്ച് ഫാറൂഖ് ഖാന്‍ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിലെ ജനങ്ങള്‍ അനുഭവിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഈ മാസം 31 നാണ് നിലവില്‍ വരിക.
ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികള്‍ നവംബര്‍ 14 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിവെച്ചിരിക്കയാണ്.
ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസയച്ചിട്ടുണ്ട്.
സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് കേന്ദ്രത്തിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം നല്‍കരുതെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് പുതിയ റിട്ട് ഹരജികള്‍ സമര്‍പ്പിക്കുന്നതിന് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.