ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി. ഒക്ടോബര്‍ 17 വരെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ്
ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വീട്ടില്‍നിന്നുള്ള ഭക്ഷണം ജയിലില്‍ എത്തിക്കാന്‍ കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ.യും കോടതിയെ അറിയിച്ചു. കൂടാതെ ചിദംബരത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതുപ്രകാരം ദിവസവും വൈദ്യപരിശോധന നടത്താനും കോടതി അനുവാദം നല്‍കി.
സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് ചിദംബരം. നേരത്തെ ഒക്ടോബര്‍ മൂന്നുവരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ ചിദംബരം ജാമ്യാപേക്ഷയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.
2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.