ന്യൂദല്‍ഹി- കര്‍തര്‍പൂര്‍ സാഹിബ് ഗുരുദ്വാരയില്‍ ഗുരു നാനക് ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പാക്കിസ്ഥാനിലേക്കു പോകും. സര്‍വ കക്ഷി സംഘത്തോടൊപ്പമായിരിക്കും യാത്ര. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും രാഷ്ട്രപതി റാംനാഥ് കോവിന്ദിനേയും ചരിത്രപരമായ ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഇരുവരും സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു. കര്‍തര്‍പൂര്‍ ഇടനാഴി ഉല്‍ഘാടനത്തിനു ശേഷം സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമരീന്ദര്‍ സിങ് ദല്‍ഹിയില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചാണ് മന്‍മോഹന്‍ സിങിനെ സര്‍വകക്ഷി പ്രതിനിധി സംഘത്തിലേക്ക് ക്ഷണിച്ചത്. പാക്കിസ്ഥാനിലെ പ്രശസ്ത സിഖ് തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍തര്‍പൂര്‍ സാഹിബ്. നവംബര്‍ ഒമ്പതിനു കര്‍തര്‍പൂര്‍ ഗുരുദ്വാരയിലേക്കു പുറപ്പെടുന്ന ആദ്യ സംഘത്തോടൊപ്പം ചേരാമെന്നാണ് മന്‍മോഹന്‍ സിങ് അറിയിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ സഹായി രവീണ്‍ തുക്രാല്‍ പറഞ്ഞു. പ്രഥമ സിഖ് ഗുരുവായ ഗുരു നാനകിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സുല്‍ത്താന്‍പൂര്‍ ലോധിയും മന്‍മോഹന്‍ സന്ദര്‍ശിക്കും. പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ്.
ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബിവെ ഗാഹിലാണ് മന്‍മോഹന്‍ സിങ് ജനിച്ചത്. 10 വര്‍ഷം പ്രധാനമന്ത്രിയായിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ല. കര്‍തര്‍പൂര്‍ ഇടനാഴി ഉല്‍ഘാടനത്തിന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ മന്‍മോഹനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് അറിയിച്ചിരുന്നു. ഈ ക്ഷണം നിരസിക്കുമെന്നാണ് മന്‍മോഹന്‍ സിങിന്റെ ഓഫീസ് പ്രതികരിച്ചത്.