ഔറംഗാബാദ്- മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയതിനെതിരെ പാർട്ടിയിൽ പ്രതിഷേധം പടരുന്നു. ഔസ മണ്ഡലത്തിലാണ് ഫഡ്‌നാവിസിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് അഭിമന്യു പവാറിന് സീറ്റ് നൽകിയത്. തീരുമാനത്തിനെതിരെ ശിവസേനയും രംഗത്തെത്തി. ഇതിനെതിരെ ബി.ജെ.പിയുടെയും ശിവസേനയുടെയും പ്രവർത്തകർ മന്ത്രിയും ബി.ജെ.പി നേതാവുമയ സംബാജി പാട്ടീൽ നിലങ്കേക്കറിനെ സമീപിച്ചു. അഭിമന്യൂ പവാർ പുറമെനിന്നുള്ള ആളാണെന്നും ഈ മണ്ണിലെ മക്കൾക്കാണ് സീറ്റ് നൽകേണ്ടതെന്നും ശിവസേന നേതാവും മുൻ എം.എൽ.എയുമായ ദിൻകർ മനേ വ്യക്തമാക്കി. നേരത്തെ ശിവസേനയായിരുന്നു ഈ മണ്ഡലത്തിൽ മത്സരിച്ചിരുന്നത്.