ചെന്നൈ- തമിഴും സംസ്‌കൃതവുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഡയപ്പർ ഉപയോഗിക്കുന്ന കൊച്ചുകുട്ടിയാണെന്ന് സൂപ്പർ സ്റ്റാർ കമൽഹാസൻ. ഭാഷാ കുടുംബത്തിൽ ഏറ്റവും പ്രായം കുറഞ്ഞതാണ് ഹിന്ദിയെന്നും കമൽ വ്യക്തമാക്കി. ചെന്നൈയിലെ ലയോള കോളെജിലെ ചടങ്ങിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി നമ്മുടെ കുഞ്ഞായതിനാൽ നമ്മൾ ആ ഭാഷയെ കൂടി കരുതണം. തമിഴ്, സംസ്‌കൃതം, തെലുങ്ക് ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഇപ്പോഴും പ്രായം കുറഞ്ഞ ഭാഷയാണ്.
ഹിന്ദി നല്ല ഭാഷയാണ്. അതിനോട് ദയയും സഹാനുഭൂതിയുമുണ്ട്. എന്നാൽ ആ ഭാഷ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രഖ്യാപിക്കണം എന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തലവൻ എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കമലിന്റേയും പ്രസ്താവന വന്നിരിക്കുന്നത്. ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയാക്കണം എന്നതാണ് ഡിഎംകെയുടെ ആവശ്യം. അതിന്റെ ആദ്യപടിയായി ഭാഷകളിൽ ഏറ്റവും പ്രാചീനമായ തമിഴിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം. ഇന്ത്യയിൽ ജനിച്ച തമിഴ് മറ്റ് ചില രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണ്. തമിഴിനെ ഔദ്യോഗിക ഭാഷയാക്കുന്നത് മോഡിയുടെ ഉത്തരവാദിത്വമാണെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു.