ഹൈദരാബാദ്-ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപി. അമിത് ഷാ ആദ്യം ഭരണഘടന വായിക്കണമെന്ന് ഒവൈസി പരിഹസിച്ചു. മതം നോക്കിയാണോ പൗരത്വം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതില്‍ ഹിന്ദുക്കളും ബുദ്ധരും ജൈനരും സിഖുകാരും ക്രൈസ്തവരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് പൗരത്വം ഉറപ്പാക്കുമെന്നുമാണ് അമിത് ഷാ കൊല്‍ക്കത്തയില്‍ പ്രസംഗിച്ചത്. ബംഗാളില്‍ എന്തുവില കൊടുത്തും എന്‍ആര്‍സി നടപ്പാക്കുമെന്നും ഷാ പറഞ്ഞു.
ഈ പ്രസംഗത്തിനെതിരേയാണ് ഒവൈസി രംഗത്തുവന്നത്.
അമിത് ഷാ ആദ്യം ഭരണഘടന വായിക്കൂ. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടന നിരോധിച്ചതാണ്. രേഖകളില്ലാത്ത മുസ്ലിംകള്‍ മാത്രം എന്‍ആര്‍സി വിഷയത്തില്‍ ഭയപ്പെടണം എന്നാണ് അമിത് ഷാ പറയുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കുമെന്നും ഷാ പറയുന്നു ഒവൈസി ട്വീറ്റ് ചെയ്തു. എന്‍ആര്‍സി വിഷയത്തില്‍ ഭയപ്പെടേണ്ട ഏക സമുദായം മുസ്ലിംകളാണ് എന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. അമിത് ഷായ്ക്ക് ഭരണഘടന അലര്‍ജിയാണെന്ന് അറിയാം. എങ്കിലും താങ്കള്‍ ഒരിക്കലെങ്കിലും അതൊന്ന് വായിക്കണം. പൗരത്വത്തിന് മതം അടിസ്ഥാനമാക്കരുത്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് ഒവൈസി പറഞ്ഞു.