ഷിക്കാഗോ(യു.എസ്)- ഷിക്കാഗോ വിമാനത്താവളത്തില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനം നിയന്ത്രണം വിട്ട് വട്ടം കറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി.
വിമാനത്തിനരികെ എത്തിയ വാഹനത്തിന്റെ അപ്രതീക്ഷിത കറക്കം ആദ്യം ചിരി പടര്‍ത്തിയെങ്കിലും വേഗം കൂടിയത് ആശങ്ക ഉയര്‍ത്തി. കറക്കത്തിനിടെ വാഹനം വിമാനത്തിന്റെ തൊട്ടടുത്തേക്ക് നീങ്ങിയതും ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെ ജീവനക്കാരില്‍ ചിലര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉടന്‍ മറ്റൊരു ജീവനക്കാരന്‍ ഒരു യന്ത്രം ഉപയോഗിച്ച് നിയന്ത്രണം വിട്ട വാഹനത്തെ ഇടിച്ചിട്ടു. ജീവനക്കാരന്റെ സമയോചിത ഇടപെല്‍ മൂലം അപകടങ്ങള്‍ ഒഴിവായി.
സംഭവത്തിന്റെ വീഡിയോ ചിലര്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വൈറലായി. വാഹനത്തിന്റെ കറക്കത്തെ പരിഹസിക്കുന്ന ട്രോളുകളും ചിലര്‍ പങ്കുവെച്ചു. വാഹനത്തിന്റെ ആക്‌സിലറേറ്റര്‍ കേടായതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന് കാരണായതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.