ശ്രീനഗർ- ജമ്മു കശ്മീരിൽ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിക്കുന്ന നേതാക്കളെ വീട്ടുതടങ്കലിൽനിന്ന് വിട്ടയച്ചു. ജമ്മു മേഖലയിലുള്ള നേതാക്കളെയാണ് വിട്ടയച്ചത്. അതേസമയം, ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല എന്നിവർ ഇപ്പോഴും വീട്ടുതടങ്കലിലാണ്. സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ജമ്മുവിലെ നേതാക്കൾക്ക് മോചനം നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു മുതലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ഇവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചത്. കൂടുതൽ സൈനികരെയും കശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരുന്നു. കേന്ദ്രസർക്കാർ തീരുമാനത്തോട് യോജിക്കാത്ത താഴ്‌വരയിലെ നേതാക്കളെ ഇപ്പോഴും വിട്ടയച്ചിട്ടില്ല. ദേവേന്ദർ സിങ് റാണ, രൺ ഭല്ല, ഹർഷ്‌ദേവ് സിങ്, ചൗധരി ലാൽ സിങ്, സുർജിത് സിങ് സ്ലാത്തിയ, വികാർ റസൂൽ, ജാവേദ് റാണ, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ എന്നിവരെയാണ് മോചിപ്പിച്ചത്. തങ്ങൾക്ക് മേൽ നിയന്ത്രണങ്ങളില്ലെന്ന് പോലീസ് അറിയിച്ചുവെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ദേവേന്ദർ റാണ പറഞ്ഞു.