ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചെന്നൈയിലെ പരിപാടിയിലെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യാത്തതിന് ദൂരദർശൻ അസിസ്റ്റന്റ് ഡയറക്ടറെ സസ്‌പെന്റ് ചെയ്തു. ചെന്നൈ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ട ആർ വസുമതിയെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞമാസം മുപ്പതിന് ചെന്നൈയിൽ മോഡി മൂന്ന് പരിപാടികളിൽ പങ്കെടുത്തിരുന്നു. അതിൽ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന സിങ്കപ്പൂർ-ഇന്ത്യ ഹാക്കത്തോൺ 2019യിൽ മോഡി നടത്തിയ പ്രസംഗം ഡി.ഡി പൊദിഗൈയിൽ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ വസുമതിയെ സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവിൽ സസ്‌പെൻഷനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. സെൻട്രൽ സിവിൽ സർവീസസ് റൂൾസ് 1965 പ്രകാരം അച്ചടക്കനടപടി സ്വീകരിക്കുന്നുവെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രസാർ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശശി ശേഖർ വെമ്പട്ടി ഉത്തരവിൽ ഒപ്പ് വച്ചിട്ടുണ്ട്. മോഡിയുടെ മറ്റ് രണ്ട് പരിപാടികളും ഹാക്കത്തോണിന്റെ ഒരു ഭാഗവും ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്നു.