മുംബൈ- ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പറഞ്ഞതിന് ഭീഷണികള്‍ നേരിടേണ്ടി വന്നെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ലിംഗസമത്വം ഉറപ്പാക്കുന്ന ചരിത്രപ്രധാനമായ വിധിയെന്ന് വിലയിരുത്തപ്പെട്ട ശബരിമല വിധി വന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് ജഡ്ജിയുടെ വെളിപ്പെടുത്തല്‍. വിധിക്കെതിരെ തല്‍പ്പര കക്ഷികളില്‍ നിന്നുണ്ടായ തീവ്ര പ്രതികരണങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വന്ന ഭീഷണികളും അവഹേളനങ്ങളും തന്റെ കീഴിലുള്ള ഇന്റേണികളും ക്ലര്‍ക്കുമാരും ചൂണ്ടിക്കാട്ടിയപ്പോഴാണ് അറിയുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജഡ്ജിമാരുടെ സുരക്ഷയോര്‍ക്ക് തങ്ങള്‍ക്ക് ഉറക്കം പോലും വന്നില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മൂംബൈയില്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം ജസ്റ്റിസ് ചന്ദ്രചൂഡ് വെളിപ്പെടുത്തിയത്.
ഭീഷണികളുണ്ടെങ്കിലും വിധിയില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് അയിത്തത്തിന് തുല്യമാണ്, അരുടെ ഭരണഘടനാ ആവകാശങ്ങള്‍ക്ക് എതിരുമാണ്. സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.
വിമര്‍ശനങ്ങള്‍ സംവിധാനത്തിന്റെ ഭാഗമാണെന്നും ജഡ്ജിമാരെന്ന നിലയില്‍ എല്ലാം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിധിയെ കുറിച്ച് എന്ത് അഭിപ്രായം പ്രകടിപ്പിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. അവരത് ചെയ്യട്ടെ. കാരണം നമുക്ക് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും പ്രയാസമാണ്- അദ്ദേഹം പറഞ്ഞു.